ആലപ്പുഴ: വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന് മതിയായ സുരക്ഷയില്ലെന്ന് ആരോപിച്ച് അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജു മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ആലപ്പുഴ സെന്റ് ജോസഫ്സ് സ്‌കൂളിലെ കേന്ദ്രത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഇന്നലെ വൈകിട്ട് നാല് മുതലായിരുന്നു ലിജുവിന്റെയും കോൺഗ്രസ് പ്രവർത്തകരുടെയും സമരം. മറ്റ് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകൾക്ക് സമാനമായി പലക വച്ച് മുറി അടച്ച് സീൽ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ തിരഞ്ഞെടുപ്പിന്റെ കേന്ദ്ര നിരീക്ഷകൻ ഇതിന് അനുവദിക്കുന്നില്ലെന്ന് കളക്ടർ അറിയിച്ചതോടെ സമരം രണ്ട് മണിക്കൂർ നീണ്ടു. സാധാരണ നിലയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന മുറി പുറത്തുനിന്ന് പൂട്ടി സീൽ ചെയ്ത ശേഷം കുറുകെ പട്ടിക അടിച്ച് വീണ്ടും സീൽ ചെയ്യും. എന്നാൽ അത്തരം സുരക്ഷ ഇവിടെ ഏർപ്പെടുത്തിയിരുന്നില്ല. സുരക്ഷയ്ക്ക് കൊണ്ടുവന്ന വാതിൽ പുറത്തു ചാരി വച്ചിരിക്കുകയാണെന്ന് ലിജു ആരോപിച്ചു.
സമരം നീണ്ടതോടെ അധികൃതർ സ്ഥലത്തെത്തി സ്ട്രോംഗ് റൂം പുറത്തുനിന്ന് പൂട്ടി സീൽ ചെയ്ത ശേഷം കുറുകെ പട്ടിക അടിച്ച് വീണ്ടും സീൽ ചെയ്തു. ആവശ്യം അംഗീകരിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം അവസാനിപ്പിച്ചു. ലിജുവിന്റെ സമരത്തിന് പിന്നാലെ അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ ബൂത്ത് ഏജന്റും സ്ഥലത്തെത്തിയിരുന്നു.