ഹരിപ്പാട് : ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിച്ച് നുറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചിത്തിര ഉത്സവം മുൻകാലങ്ങളെ പോലെ ഭംഗിയായി നടത്തുവാനുള്ള അവസരം ഉണ്ടാക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. വേല, സേവ, ആറാട്ട്, വലിയ കാണിക്ക മുതലായ എല്ലാ ചടങ്ങുകളോടും കൂടി ഉത്സവം നടത്തണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം. കൊവിഡിന്റെ പേരിൽ ഹൈന്ദവാചാരങ്ങൾ മാത്രം അവഗണി​ക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണം. ധാരാളം ജനപങ്കാളിത്തം ഉള്ള ഒരുപാട് പരിപാടികൾ ഇന്ന് നാട്ടിൽ നടക്കുന്നുണ്ട്. ക്ഷേത്ര വിഷയങ്ങൾ വരുമ്പോൾ മാത്രമാണ് കൊവിഡിന്റെ പേരിൽ നി​യന്ത്രണം. ഹരിപ്പാട് ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിനായി നിയമപരമായും സംഘടനാപരമായും ശക്തമായി നിലകൊള്ളുമെന്ന് ഹിന്ദു ഐക്യവേദി കാർത്തികപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറി കൃഷ്ണരാജ് പിള്ള അറിയിച്ചു.