s

ജൂൺ ഒന്നുമുതൽ സ്വർണ്ണത്തിൽ ബി.ഐ.എസ് മുദ്ര വേണം

പരമ്പരാഗത സ്വർണ്ണപ്പണിക്കാർക്ക് മുദ്ര പതിക്കാനാവില്ല

ആലപ്പുഴ: സ്വർണ്ണാഭരണങ്ങൾക്ക് ജൂൺ ഒന്നുമുതൽ 'ബി.ഐ.എസ് ഹാൾമാർക്ക്' മുദ്ര കർശനമാക്കാനുള്ള തീരുമാനം പരമ്പരാഗത സ്വർണ്ണപ്പണിക്കാരെ വഴിയാധാരമാക്കും. ബി.ഐ.എസ് മുദ്ര പതിപ്പിക്കാനുള്ള അനുമതി ഇവർക്ക് ഇല്ലാത്തതാണ് കാരണം.

ഇന്ത്യയിൽ വിൽക്കുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ ശുദ്ധത സാക്ഷ്യപ്പെടുത്തലാണ് ബിസ് ഹാൾ മാർക്കിംഗ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധിപരിശോധന-ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ ഉണ്ട്. ഇവ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്. ഇവർക്കാണ് ഹാൾമാർക്കിംഗിനുള്ള അധികാരം. വീട്ടിലിരുന്നും മറ്റും സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നവർക്ക് ആഭരണത്തിൽ മുദ്ര പതിപ്പിക്കാനുള്ള അധികാരമില്ല. അതുകൊണ്ടുതന്നെ മറ്റു തൊഴിലിടങ്ങളിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് സ്വർണ്ണപ്പണിക്കാർ.

ജൂവലറികൾ തമ്മിലുള്ള മത്സരം കനത്തപ്പോൾ പണിക്കൂലി ഇളവുകൾ പോലെയുള്ള വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത് പരമ്പരാഗത സ്വർണപ്പണിക്കാർക്ക് തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ തൊഴിൽ പൂർണമായി ഉപേക്ഷിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട പൊന്നാശാരി അഥവാ തട്ടാൻ ഉപജാതിക്കാരാണ് പരമ്പരാഗത സ്വർണപ്പണിക്കാർ. പിന്നീട് മറ്റ് ജാതി മത വിഭാഗങ്ങളിൽപ്പെടുന്നവരും ഈ ജോലിയിലേക്കെത്തി. ഇന്ത്യയിൽ തമിഴ്‌നാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്നത് കേരളീയരാണ്. യന്ത്രങ്ങളുടെ കടന്നുകയറ്റവും പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായി. വൻതോതിൽ ഉത്പാദനം നടത്താൻ യന്ത്രസഹായം അനിവാര്യമാണ്. മെഷീൻ നിർമ്മിതമായ ആഭരണങ്ങൾക്ക് ഭംഗി കുറവാണെന്ന് പുതുതലമുറയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ വലിയൊരു വിഭാഗത്തിന് പരമ്പരാഗത ആഭരണങ്ങളോട് അത്ര മമതയില്ല. പാലയ്ക്കമാല, കാശിമാല, മുല്ലമൊട്ടുമാല, പൂത്താലി, നാഗഫണത്താലി, ഇളക്കത്താലി എന്നിവയ്ക്ക് യഥാർത്ഥ തനിമ പകരാൻ മെഷനീകൾക്ക് ആകുന്നില്ലെന്ന് ജൂവലറി ഉടമകൾ പറയുന്നു.

നാട്ടിൽ സ്വർണ്ണപ്പണി കുറഞ്ഞപ്പോൾ പലരും വിദേശത്തേക്ക് ജോലി തേടിപ്പോയി. മറ്റുചിലർ നാട്ടിൽതന്നെ മറ്റുജോലികൾ സ്വീകരിച്ചു. കുട്ടികളുടെ കാതുകുത്തലും മൂക്കുകുത്തലും ബ്യൂട്ടിപാർലറുകളിലേക്കും ജൂവലറികളിലേക്കും വഴിമാറിയതോടെ വല്ലാത്ത ഗതികേടിലാണ് അവശേഷിക്കുന്ന സ്വർണ്ണപ്പണിക്കാർ.

മുഖംതിരിച്ച് പുതുതലമുറ

പരമ്പരാഗത സ്വർണ്ണപ്പണിക്കാരുടെ മക്കൾ ഈ രംഗത്തേക്കു കടന്നുവരുന്നില്ല. മറ്റ് ജോലികളേക്കാൾ ഏറെ ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള സ്വർണ്ണപ്പണിയിൽ ഇടിവ് സംഭവിച്ചതാണ് കാരണം. ജില്ലയിലെ പ്രമുഖ ജൂവലറികൾക്കായി ഒരു വിഭാഗം സ്വർണ്ണപ്പണിക്കാർ വീട്ടിലിരുന്ന് ജോലി ചെയ്ത് കൊടുക്കുന്നുണ്ട്. ഇവർക്കു മാത്രമാണ് നിലവിൽ പിടിച്ചു നിൽക്കാൻ കഴിയുന്നത്.

....................................

വിവിധ മതസ്ഥരായ ആളുകളുടെ പരമ്പരാഗത വിവാഹ ആഭരണങ്ങൾ ഓരോ സീസണിലും നിർമ്മിച്ചിരുന്ന ഞങ്ങൾക്ക് ഇപ്പോൾ മാസത്തിൽ ഒരിക്കൽപോലും തൊഴിൽ ലഭിക്കുന്നില്ല. ഇതിനിടെയാണ് ബി.ഐ.എസ് ഹാൾമാർക്ക് മുദ്ര സ്വർണാഭരണങ്ങളിൽ നിർബന്ധമാക്കുന്നത്

(ചെല്ലപ്പനാചാരി, സ്വർണ്ണപ്പണിക്കാരൻ, ആലപ്പുഴ)

.....................................

സ്വർണ്ണാഭരണങ്ങൾക്ക് ജൂൺ ഒന്ന് മുതൽ ബി.ഐ.എസ് ഹാൾമാർക്ക് കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സ്വർണ്ണത്തൊഴിലാളികൾക്കും ബി.ഐ.എസ് ഹാൾമാർക്ക് പതിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണം. അല്ലെങ്കിൽ നിരവധി കുടുംബങ്ങൾ പട്ടിണിയാകും

(സി.എം.ദാമോദരൻ, ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് )

..........................................................................................

 ബി.ഐ.എസ് 916 എന്നാൽ 1000ത്തിൽ 916 ഭാഗം സ്വർണ്ണം എന്നാണ്. അതായത് 91.6 ശതമാനം. ഇതാണ് 22കാരറ്റ് സ്വർണ്ണം.

958- 23 കാരറ്റ്, 875-21 കാരറ്റ്, 750-18 കാരറ്റ്, 585- 14 കാരറ്റ്, 375- 9 കാരറ്റ് എന്നിങ്ങനെയാണ് മറ്റ് അളവുകൾ.

ഇന്ത്യയിൽ ഹാൾമാർക്കിംഗ് തുടങ്ങിയത് 2005 ഡിസംബറിലാണ്.