pottuvellari

പൊട്ടുവെള്ളരി ജ്യൂസിന് ആരാധകരേറുന്നു

ആലപ്പുഴ: വേനൽചൂടിൽ ഉള്ളു തണുപ്പിക്കാൻ ജ്യൂസും സംഭാരവും ശീലമാക്കിയവർക്കിടയിലേക്ക് നുഴഞ്ഞു കയറുകയാണ് പൊട്ടുവെള്ളരി. ജില്ലയിൽ മേപ്പടിയാൻ അത്ര സുപരിചിതനല്ലെങ്കിലും ആലപ്പുഴ നഗരത്തിലും സമീപ ഭാഗങ്ങളിലും പൊട്ടുവെള്ളരി ജ്യൂസിന് ആവശ്യക്കാർ ഏറുന്നുണ്ട്.

കഴിഞ്ഞവർഷം കൊവിഡ് കാരണം നഗരത്തിൽ പൊട്ടുവെള്ളരി അത്ര സുലഭമല്ലായിരുന്നു. ഇത്തവണയും കൊവിഡ് വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും വഴിയോരങ്ങളിൽ ആവശ്യത്തിന് എത്തിയിട്ടുണ്ട്. വേനൽ കാലത്താണ് ഇവയുടെ വിളവെടുപ്പ്. വേനൽ കഴിയുന്നതോടെ പൊട്ടുവെള്ളരിയുടെ ഡിമാൻഡ് ഇടിയുകയും ചെയ്യും. ജില്ലയിൽ അരൂർ, ചേർത്തല, കഞ്ഞിപ്പാടം എന്നിവിടങ്ങളിൽ പൊട്ടുവെള്ളരി കൃഷി ഉണ്ടെങ്കിലും കൊടുങ്ങല്ലൂർ, വടക്കൻ പറവൂർ, മാള എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി എത്തുന്നത്.

മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത. ഒരു ഗ്ലാസ് ജ്യൂസ് കഴിച്ചാൽ നല്ല ആശ്വാസം തോന്നും. ആദ്യമായി കുടിക്കുമ്പോൾ ലേശം മടിക്കുമെങ്കിലും ഒരു ഗ്ളാസെങ്കിലും കുടിച്ചാൽ പൊട്ടുവെള്ളരിയുടെ 'ആരാധക'രായി മാറുമെന്നാണ് പലരുടെയും അഭിപ്രായം. ദാഹത്തിനൊപ്പം വിശപ്പുകൂടി ശമിപ്പിക്കും ഈ ജ്യൂസ്. ചെറു നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ പൊട്ട് വെള്ളരി ജ്യൂസ് സഹായിക്കും. ദിവസം 200 ഗ്ളാസ് വരെ പൊട്ടുവെള്ളരി ജ്യൂസ് വിൽക്കുന്ന കടകളുണ്ട്.

മധുരവും തിക്തവും (കയ്പ്) ആണ് പൊട്ടുവെള്ളരിയുടെ പ്രധാന രസം. പോഷകമൂല്യവും ഏറെയാണ്. വേനല്‍ക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാന്‍ പൊട്ടുവെള്ളരി

 വെറൈറ്റി ജ്യൂസ്

പൊട്ടുവെള്ളരിയുടെ പുറം തൊലി ചുരണ്ടി അകത്തെ കുരു കളഞ്ഞ് തവി കൊണ്ട് ഉടച്ച് എടുക്കും. തുടർന്ന്

മിക്‌സിയിൽ അടിച്ച് എടുക്കാം. മിക്സി ഉപയോഗിക്കാതെയും ജ്യൂസ് ആക്കാം. തേങ്ങാ പാലും ഏലക്കയും ചേർക്കണം. വ്യത്യസ്ത തരം പൊട്ട് വെള്ളരി ജ്യൂസ് വിപണിയിൽ സജീവമാണ്. ഇതിൽ പ്രധാനം ഹോർലിക്‌സ് അല്ലെങ്കിൽ ബൂസ്റ്റ്, കപ്പലണ്ടി എന്നിവ ചേർത്ത ജ്യൂസാണ്. ഒരു ഗ്ലാസ് ജൂസിന് 30 രൂപയും ഒരു കിലോ പൊട്ടുവെള്ളരിക്ക് 40- 50 രൂപയുമാണ് ഈടാക്കുന്നത്.

 50 ദിവസം മതി

സ്‌നാപ് മെലൺ (കുക്കുമിസ് മെലോ മൊമോർഡിക്ക) എന്നതാണ് പൊട്ടുവെള്ളരിയുടെ ശാസ്ത്രീയനാമം. ഭൗമസൂചികാപദവിയിൽ ഉൾപ്പെടുത്താനുള്ള ശ്രമമുണ്ട്. കൊടുങ്ങല്ലൂർ ഭാഗത്തെ നാടൻ ഇനമാണ് ഇതിനായി പരിഗണിക്കുന്നത്. 45-50 ദിവസംകൊണ്ട് വിളവെടുപ്പിനു പാകമാകും പൊട്ടുവെള്ളരി. നല്ല സൂര്യപ്രകാശവും ജലലഭ്യതയുമുള്ള മണ്ണു കൂടുതൽ വിളവു നൽകും.