ആലപ്പുഴ: പദ്ധതികൾ പലത് നടപ്പാക്കിയെങ്കിലും ആലപ്പുഴ നഗരത്തിലെ തെരുവ് വിളക്കുകൾ മിഴിതുറക്കാൻ മടിക്കുന്നു. 8000 എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചുകൊണ്ട് നഗരജ്യോതി പദ്ധതി പൂർത്തീകരിച്ചിട്ടും നഗരത്തിന്റെ ഉള്ളറകൾ ഇപ്പോഴും ഇരുട്ടിലാണ്.
നഗരഹൃദയത്തിൽ വൈ.എം.സി.എയ്ക്കു കിഴക്കുവശത്തുള്ള ബിസ്മി മുതൽ (ചാത്തനാട് വാർഡിന്റെയും കിടങ്ങാംപറമ്പ് വാർഡിന്റെയും മദ്ധ്യത്തുകൂടി) വടക്കേ റോഡു വരെയുള്ള ഭാഗത്ത് വഴിവിളക്കുകൾ മിക്കവയും നോക്കുകുത്തികളാണ്. സന്ധ്യ മുതൽ പുലർച്ചെ വരെ ഈ ഭാഗത്തുകൂടി യാത്ര വളരെ ദുഷ്‌കരമായി. സാമൂഹ്യ വിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും സ്വൈര്യ വിഹാര കേന്ദ്രമായതിനാൽ സന്ധ്യ കഴിഞ്ഞ് ഇതുവഴി വരുന്ന സ്ത്രീകൾ അടക്കമുള്ള വഴിയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. അടുത്തിടെ പ്രദേശത്തുനിന്ന് രാത്രിയിൽ മലമ്പാമ്പിനെ നാട്ടുകാർ പിടികൂടിയിരുന്നു. രാത്രികാല ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
നഗരജ്യോതി പദ്ധതി നടത്തിപ്പിനായി നഗരസഭ കെ.എസ്.ഇ.ബിയെ ആണ് ചുമതലപ്പെടുത്തിയത്. ടെണ്ടർ അനുസരിച്ച് മുംബയിലുള്ള ഒരു സ്വകാര്യ കമ്പനി ജോലി ഏറ്റെടുത്തു. ഏഴു വർഷത്തെ അറ്റകുറ്റപ്പണി ഉൾപ്പെടെയായിരുന്നു കരാർ. ഇവർ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിക്ക് ഉപ കരാർ നൽകി. 2018ൽ പദ്ധതി പൂർത്തീകരിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടത്തിയില്ല. ഇതിനിടെ പല വാർഡുകളിലും എൽ.ഇ.ഡി തെളിയാതെ വന്നതോടെ ജനങ്ങളും കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് കഴിഞ്ഞ ഭരണസമിതിയുടെ അവസാനഘട്ടത്തിൽ കൗൺസിൽ തീരുമാനം അനുസരിച്ച് സ്വകാര്യ കമ്പനിയെ ഒഴിവാക്കി.
തകരാർ പരിഹരിച്ച് വഴിവിളക്കുകൾ തെളിക്കാൻ 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഈതുക ഉപയോഗിച്ച് ഇപ്പോൾ ചിലവാർഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും മിഴി തുറന്നിട്ടില്ല.
# നഗരജ്യോതി
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ പൈലറ്റ് പദ്ധതി
തുടക്കം 2014ൽ
നഗരത്തിലെ 52 വാർഡുകളിൽ 8000 എൽ.ഇ.ടി വിളക്കുകൾ
ചെലവ് 7.5 കോടി
..................................................
നിലവിൽ മിഴിതുറക്കാത്ത മുഴുവൻ എൽ.ഇ.ഡി വിളക്കുകളും തെളിക്കുന്നതിനുള്ള 25 ലക്ഷം രൂപയുടെ പദ്ധതി ആരംഭിച്ചു. കൺസിലർമാർ ആവശ്യപ്പെടുന്ന ഭാഗങ്ങളിൽ കരാറുകാർ എത്തി തകരാർ പരിഹരിച്ച് വിളക്ക് തെളിക്കുന്നുണ്ട്
സൗമ്യരാജ്, ചെയർപേഴ്സൺ, നഗരസഭ
...............................
2014ലെ നഗരസഭ ഭരണ സമിതി എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കാൻ സ്വകാര്യ കമ്പനിക്ക് നൽകിയ കരാറിലെ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടില്ല. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് നഗരസഭ 25 ലക്ഷം രൂപ നീക്കിവച്ചത്. കമ്പനിയുടെ പേരിൽ നിയമ നടപടി സ്വീകരിക്കണം
ഇല്ലിക്കൽ കുഞ്ഞുമോൻ, യു.ഡി.എഫ് പാർലമെന്റി പാർട്ടി ലീഡർ
.........................................