ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ആനപ്രേമികളുടെ പ്രതിഷേധം
അമ്പലപ്പുഴ:ആനപ്രേമികളെ ദുഃഖിതരാക്കി, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ വിജയകൃഷ്ണൻ ചരിഞ്ഞു. 55 വയസായിരുന്നു. ചങ്ങല കൊണ്ട് കാലിലുണ്ടായ മുറിവ് വ്രണമായിട്ടും ശരിയായി ചികിത്സിച്ചില്ലെന്നാരോപിച്ച് ആനപ്രേമികൾ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് ഉപരോധിച്ചു. തുടർന്ന് സ്ഥലത്തെത്തിയ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ വാഹനത്തിന്റെ നാലു ടയറുകളുടെയും കാറ്റഴിച്ചുവിട്ടു. ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജുവിനെ ഉടൻ മാറ്റിനിറുത്താനും, രണ്ടു പാപ്പാൻമാരെയും സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
മദപ്പാടിനെ തുടർന്ന് ചികിത്സയിലായിരുന്ന വിജയകൃഷ്ണനെ ജനുവരി 30ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മറ്റു ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കാൻ കൊണ്ടുപോയിരുന്നു. അവസാനം കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തിലാണ് എഴുന്നള്ളിച്ചത്. തുടർന്ന് അമ്പലപ്പുഴയിലേക്കു കൊണ്ടുവരുന്നതിനിടെ ക്ഷീണിതനായ ആനയെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ക്യാമ്പ് ഷെഡിൽ തളച്ചു. അമ്പലപ്പുഴയിലെ ആനപ്രേമികളുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടാം ഉത്സവ ദിവസമായ മാർച്ച് 27 ന് ലോറിയിൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ കൊണ്ടുവന്നെങ്കിലും ഉത്സവ ചടങ്ങുകളിൽ വിജയകൃഷ്ണനെ പങ്കെടുപ്പിച്ചില്ല.
കോന്നിയിലെ ആനക്കൂട്ടിലേക്ക് രാത്രി വൈകി മൃതദേഹം കൊണ്ടുപോയി.ആന ചരിഞ്ഞ വാർത്തയറിഞ്ഞ് വിവിധ സ്ഥലങ്ങളിൽനിന്ന് നൂറുകണക്കിന് ഭക്തരും ആനപ്രേമികളും സ്ഥലത്തെത്തി. ദുഃഖം സഹിക്കാനാവാതെ ചിലർ പൊട്ടിക്കരഞ്ഞു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ക്ഷേത്രനട അടച്ചു
ഇന്നലെ രാവിലത്തെ പൂജകൾക്ക് തടസമുണ്ടായില്ല. തുടർന്ന് നട അടച്ചു. ക്ഷേത്രാങ്കണത്തിലാണ് ആന ചരിഞ്ഞതെന്നതിനാൽ
ഇനി ശുദ്ധിക്രിയകൾക്കു ശേഷമേ നട തുറക്കൂ
ലക്ഷണമൊത്തവൻ
ഏറെ പ്രത്യേകതകളും ആരാധകരും ഉള്ള, ലക്ഷണമൊത്ത കൊമ്പനായിരുന്നു വിജയകൃഷ്ണൻ. നിലത്തിഴയുന്ന നീളമുള്ള തുമ്പിക്കൈയും ഉള്ളിലേക്ക് ചാഞ്ഞുനിൽക്കുന്ന കൊമ്പുകളും, എഴുന്നളളിപ്പുകളിൽ തലയെടുപ്പോടെയുള്ള നിൽപ്പും വിജയകൃഷ്ണനെ ആനപ്രേമികൾക്ക് പ്രിയങ്കരനാക്കി. ശ്രീകൃഷ്ണസ്വാമിയുടെ ഉത്സവ എഴുന്നളളിപ്പുകൾക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. 2010ൽ തൃശൂർ പൂരത്തിലും വിജയകൃഷ്ണൻ പങ്കെടുത്തിരുന്നു.
ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ രാമചന്ദ്രൻ ചരിഞ്ഞതിനെത്തുടർന്ന് 32 വർഷം മുമ്പാണ് വിജയകൃഷ്ണനെ നടയ്ക്കിരുത്തിയത്. ഒന്നാം പാപ്പാനായിരുന്ന ഗോപനെ, ജോലിക്കിടെ മദ്യപിച്ചെന്നാരോപിച്ച് ദേവസ്വം അധികൃതർ അഞ്ച് മാസം മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ഗോപനുമായി നന്നായി ഇണങ്ങിയിരുന്ന വിജയകൃഷ്ണൻ പിന്നീട് വന്ന പ്രദീപ് എന്ന പാപ്പാനുമായി ഇണങ്ങിയിരുന്നില്ലെന്നും, അയാൾ ആനയെ മർദ്ദിച്ചിരുന്നെന്നും ആരോപണമുണ്ട്.