അതിവേഗ ബോട്ട് സർവീസായ 'വേഗ 2'ന്റെ വരുമാനം അരക്കോടിയിലേക്ക്
ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ അതിവേഗ ബോട്ട് സർവീസായ 'വേഗ 2'ന്റെ ജൈത്രയാത്ര ഒരു വർഷം പിന്നിടുമ്പോൾ, വരുമാനം അരക്കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞവർഷം മാർച്ച് 10ന് നീറ്റിലിറങ്ങിയ വേഗ, ലോക്ക് ഡൗണിന് ശേഷം ഡിസംബർ 24നാണ് യാത്ര പുനരാരംഭിച്ചത്. തുടർച്ചയായ പ്രതിദിന സർവീസ് നൂറ് ദിവസത്തിലേക്ക് അടുക്കുമ്പോൾ 47 ലക്ഷം രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയത്. ഇതിനകം പതിനായിരത്തിലധികം സഞ്ചാരികൾ വേഗയിലെ യാത്ര ആസ്വദിക്കാൻ എത്തിയതായാണ് കണക്ക്. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. പാസഞ്ചർ സർവീസിനൊപ്പം ടൂറിസം സാദ്ധ്യതയും കോർത്തിണക്കിയാണ് വേഗയുടെ കുതിപ്പ്. ദിവസവും രാവിലെ 11.30ന് ആലപ്പുഴയിൽ നിന്നാരംഭിച്ച്, പുന്നമട - വേമ്പനാട് കായൽ - മുഹമ്മ - പാതിരാമണൽ - കുമരകം - ആർ ബ്ലോക്ക് - മാർത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ തിരിച്ചെത്തുന്നതാണ് വേഗയുടെ സഞ്ചാരപാത. 12 നോട്ടിക്കൽ മൈൽ വേഗതയിലാണ് ബോട്ടിന്റെ യാത്ര. 40 സീറ്റ് എ.സിയിലും, 80 സീറ്റ് നോൺ എ.സിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും ലഭ്യമാണ്.
പാരവയ്പിലും പതറാതെ
വേഗ സർവീസിലേക്ക് കൂടുതൽ സഞ്ചാരികൾ ആകൃഷ്ടരായതോടെ, സർവീസിനെ തകർക്കാനുള്ള ഇടപെടൽ വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. പുത്തൻ സംരംഭങ്ങൾ സർക്കാർ സംവിധാനത്തിൽ എത്തുമ്പോൾ, ടൂറിസം മേഖലയിലെ സ്വകാര്യ സംരംഭകർക്ക് ആശങ്കയുണ്ടാകും. ഇങ്ങനെയുള്ളവരാണ് വേഗയെയും 'ദ്രോഹിക്കാൻ" എത്തിയത്. കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്തശേഷം അവസാന നിമിഷം കാൻസൽ ചെയ്യുക തുടങ്ങിയ 'കലാപരിപാടികൾ" ഇവർ നടത്തിയെങ്കിലും സർവീസിനെ മോശമായി ബാധിച്ചില്ലെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറയുന്നു.
ടിക്കറ്റ് നിരക്ക്
എ.സി - വൺ സൈഡ് 300 - രണ്ട് സൈഡ് 600
നോൺ എ.സി - വൺ സൈഡ് 200 - രണ്ട് സൈഡ് 400
....................
ബുക്കിംഗിന് വിളിക്കേണ്ട നമ്പർ - 9400050325
............
മികച്ച പ്രതികരണമാണ് വേഗ സർവീസിന് ലഭിക്കുന്നത്. എല്ലാ ദിവസവും സഞ്ചാരികൾ എത്തുന്നുണ്ട്. സർവീസ് ലാഭകരമാണ് - ഷാജി വി നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ
................