ambala

അമ്പലപ്പുഴ : അമ്പലപ്പുഴ കണ്ണന്റെ തിടമ്പേറ്റാൻ വിജയകൃഷ്ണൻ ഇനിയില്ലെന്നോർത്ത് വിതുമ്പുകയാണ് ഭക്തരും ആനപ്രേമികളും. തങ്ങളുടെ കണ്ണിലുണ്ണിയായ വിജയകൃഷ്ണൻ ചരിഞ്ഞ വാർത്ത അറിഞ്ഞ് ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സൗമ്യനായ വിജയകൃഷ്ണനോട് നാട്ടുകാർക്ക് പ്രത്യേക സ്നേഹമായിരുന്നു. എഴുന്നള്ളിച്ച ഒരു ക്ഷേത്രത്തിലും വിജയകൃഷ്ണൻ ബഹളം ഉണ്ടാക്കിയിട്ടില്ല. 1989 മാർച്ച് 23ന് ആണ് വിജയകൃഷ്ണനെ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്.ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും വൻ ജനാവലിയുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചായിരുന്നു വിജയകൃഷ്ണനെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് എത്തിച്ചത്. അന്ന് വിജയകൃഷ്ണന് 23 വയസായിരുന്നു പ്രായം. ക്ഷേത്രത്തിലെ ആന രാമചന്ദ്രൻ ചരിഞ്ഞ ശേഷം വർഷങ്ങളോളം എഴുന്നള്ളത്തിന് ആന ഇല്ലാതിരുന്ന കുറവു നികത്താൻ ദേവസ്വം ബോർഡിന്റെ ഗ്രാൻ്റും, പൊതുജനങ്ങൾ സ്വരൂപിച്ച പണവും ചേർത്താണ് കുണ്ടറയിലെ ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും ഒരു ലക്ഷത്തി പതിനയ്യായിരം രൂപയ്ക്ക് വിജയനെന്ന ആനയെ വാങ്ങിയത്.നടക്കിരുത്തിയ ശേഷം ഡോ. അമ്പലപ്പുഴ ഗോപകുമാറാണ് വിജയകൃഷ്ണൻ എന്ന് നാമകരണം ചെയ്തത്.ദേവസ്വം ബോർഡ് മെമ്പറായിരുന്ന ചെങ്ങാരപ്പള്ളി ദാമോദരൻ പോറ്റിയാണ് ദേവസ്വം ബോർഡിനു വേണ്ടി ആനയെ ഏറ്റുവാങ്ങിയത്. വിവിധ ക്ഷേത്രങ്ങളിലെ ആരാധകർ ഗജരാജ പട്ടം നൽകി വിജയകൃഷ്ണനെ ആദരിച്ചിട്ടുണ്ട്. വിജയകൃഷ്ണന്റെ വേർപാടിൽ ദുഃഖം പങ്കുവച്ച് അമ്പലപ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ ഉച്ചയ്ക്കു ശേഷം അടച്ചിട്ടു. ക്ഷേത്രത്തിലെ ചടങ്ങുകളും നിറുത്തിവച്ചു.