ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബുവിന്റെ വീട് ആക്രമിച്ചവർക്കെതിരെ നിസാര വകുപ്പുകൾ ചേർത്ത് കേസെടുത്തെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം അനേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിയമപരമായി ചെയ്യേണ്ട കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും നിർവഹിക്കാൻ കായംകുളം ഡി.വൈ.എസ്.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് അഡ്വ. ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിൽ പറയുന്നു. സ്വകാര്യവ്യക്തികളുടെ സ്വത്ത് നശിപ്പിക്കൽ നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.