എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്നു. രാവിലെയായിരുന്നു ഹയർസെക്കൻഡറി പരീക്ഷ. സോഷ്യോളജിയായിരുന്നു ഇന്നലത്തെ വിഷയം. രജിസ്ററർ ചെയ്ത മുഴുവൻ കുട്ടികളും പരീക്ഷ എഴുതി. ഉച്ചയ്ക്ക് ശേഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ രജിസ്റ്റർ ചെയ്ത 22083 കുട്ടികളിൽ നാല് പേരൊഴികെ ബാക്കി 22079 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷയ്ക്ക് പൊതുവെ വിദ്യാഭ്യാസ വകുപ്പ് നൽകിയ ഫോക്കസ് മേഖലയെ ആസ്പദമാക്കിയുള്ള പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു വന്നത്. കഴിഞ്ഞ വർഷം പൊതുപരീക്ഷയ്ക്ക് ഏർപ്പെടുത്തിയിരുന്ന അതേ കൊവിഡ് പ്രതിരോധ ക്രമീകരണങ്ങളാണ് സ്കൂളുകളിൽ ഏർപ്പെടുത്തിയിരുന്നത്. വിദ്യാർത്ഥികളുടെ താപനില പരിശോധിക്കുന്നതിനും, കൈകൾ കഴുകുന്നതിനും സൗകര്യങ്ങൾ ഒരുക്കി. സ്കൂൾ അദ്ധ്യയനം ലഭിക്കാതെ പൂർണമായും ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ച് പഠിച്ച് പരീക്ഷ എഴുതുന്ന ആദ്യ ബാച്ചാണ് ഇത്തവണത്തേത്.
എസ്.എസ്.എൽ.സി പരീക്ഷ എഴുതാതിരുന്ന കുട്ടികൾ
മാവേലിക്കര വിദ്യാഭ്യാസ ജില്ല - 3
ആലപ്പുഴ വിദ്യാഭ്യാസ ജില്ല - 1
........
പരീക്ഷ എഴുതിയവർ
ആലപ്പുഴ- 6457
ചേർത്തല - 6373
കുട്ടനാട് - 2079
മാവേലിക്കര -7170
............
പുതിയ രീതിയിലുള്ള അദ്ധ്യയനമായിരുന്നതിനാൽ ആശങ്കയോടെയാണ് പരീക്ഷയ്ക്ക് എത്തിയത്. നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചു. ചില കൂട്ടുകാർ സമയം തികയുന്നില്ലെന്ന് പരാതി പറയുന്നുണ്ട്.
- ടി.എം.അപർണ, പത്താം ക്ലാസ് വിദ്യാർത്ഥി, പൊള്ളെത്തൈ ഗവ ഹൈസ്ക്കൂൾ