ഹരിപ്പാട്: ഒരു ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് നടത്തിയ ഉദ്യമത്തിന് ഇന്ന് ഫലപ്രാപ്തിയാകുകയാണ്. കുമാരപുരം നിവാസിയായ ദിലീപ് കുമാറിന്റെ കരൾ മാറ്റി വയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് പണം സമാഹരിക്കാൻ വേണ്ടിയാണ് നാട്ടിലെ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചത്.
എറണാകുളം സ്വകാര്യ മെഡിക്കൽ കോളേജിൽ ദിലീപിന്റെ ശരീരത്തിലേക്ക് മകൾ അഭിരാമിയുടെ കരൾ ചേർത്ത് വയ്ക്കുമ്പോൾ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് വഴിയൊരുങ്ങും.
ഗുരുതരമായ കരൾ രോഗം ബാധിച്ച എരിയ്ക്കാവ് മംഗലശ്ശേരിൽ കാട്ടിൽ ദിലിപ് കുമാറിന്റെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് തുക കടം വാങ്ങിയ കുടുംബം കടക്കെണിയിലായി. അടിയന്തിരമായി കരൾ മാറ്റിവച്ചില്ലെങ്കിൽ ദിലീപിന്റെ ജീവൻ അപകടത്തിലാകുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെ തുടർന്നാണ് നാട്ടുകാർ ദിലീപ് കുമാർ ജീവൻരക്ഷാസമിതി രൂപീകരിച്ചത്. ദിലീപിന് കരൾ പകുത്തു നൽകാൻ 21കാരിയായ മകൾ അഭിരാമി തയ്യാറായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. സൂസി. ചെയർപേഴ്സണും ഗ്രാമപഞ്ചായത്ത് അംഗം സുധീർ വർക്കിങ് ചെയർമാന്നും ജില്ലാപഞ്ചായത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ടി എസ്. താഹ ജനറൽ കൺവീനറും ആർ.ബിജു ട്രഷറർആയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 15 വാർഡുകളിലും വാർഡ് തല സമിതികൾ രൂപീകരിച്ചു. വാർഡ് മെമ്പർമാർ ചെയർമാൻ മാരായ വാർഡ് തല സമിതികളുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും മുൻകൂട്ടി അഭ്യർത്ഥന എത്തിച്ചു. മാർച്ച് 21 ന് രാവിലെ 7 മണി മുതൽ 2 മണി വരെ ഓരോ വാർഡിലും നൂറുകണക്കിന് ആളുകൾ വീടുകൾ കയറി പണം സമാഹരിച്ചു. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും സമുദായ നേതാക്കളും കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും തുടങി സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവർ ധന സമാഹാരണത്തിന് നേതൃത്വം നൽകി. വൈകുന്നേരം തന്നെ സമാഹരിച്ച തുക സംസ്ഥാന കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ ഏറ്റുവാങ്ങി. 4389631 രൂപ ജനങ്ങൾ സംഭാവനയായി നേരിട്ട് നൽകി. ദിലീപ് കുമാറിന്റെ മകൾ അഭിരാമിയുടെ പേരിൽ സമിതി ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ കൂടി 620000 രൂപയും ലഭിച്ചു. ആകെ 50 ലക്ഷത്തിൽ പരം രൂപ ഈ ജനകീയ സംരംഭത്തിലൂടെ സമാഹരിക്കാൻ കഴിഞ്ഞു