മുതുകുളം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ട് കേരളം മുഴുവനും സി. പി. എം അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ആറാട്ടുപുഴ നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജേഷ് കുട്ടനെയും സഹോദരനെയും അക്രമിച്ചതിനെതിരെ കിഴക്കേക്കര കോട്ടാച്ചിറയിൽ നടത്തിയ പ്രതിഷേധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും അക്രമത്തെ നീതികരിക്കാൻ കഴിയില്ല. ആകാരണമായി രാജേഷ് കുട്ടനെ മർദ്ദിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്നത് കോൺഗ്രസ് നയമല്ല. എങ്കിലും പ്രതികളെ പിടികൂടിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്തു വലുതായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡി. സി. സി. വൈസ് പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷനായി. കെ. പി. സി. സി. ജന. സെക്രട്ടറി ബി. ബാബുപ്രസാദ്, ഡി. ഡി. സി. വൈ പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ, അഡ്വ. വി. ഷുക്കൂർ, അരിതാ ബാബു, കെ. ബാബുക്കുട്ടൻ, പുതുശേരി രാധാകൃഷ്ണൻ, ബിനു ചുള്ളിൽ തുടങ്ങിയവർ സംസാരിച്ചു.