ഹരിപ്പാട്: മൂന്നു ദേവാലയങ്ങളിൽ മോഷണശ്രമം. ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി, മാർത്തോമാ പള്ളി, മലങ്കര കത്തോലിക്ക പള്ളി എന്നി​വി​ടങ്ങളി​ലാണ് കഴിഞ്ഞദിവസം പുലർച്ചെ മോഷണശ്രമം നടന്നത്. ചേപ്പാട് വലിയപള്ളിയിൽ നിന്ന് വഞ്ചി പൊളിച്ച് പണം കവർന്നു. ഏകദേശം ആയിരത്തോളം രൂപയാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. പള്ളിയുടെ തെക്കു ഭാഗത്തുള്ള തിരുമേനിയുടെ കബറിടത്തിനു സമീപം വച്ചിരുന്ന രണ്ടു വഞ്ചികൾ ആണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. ഈ മുറിയിലേക്കുള്ള വാതിലിന്റെ താഴും മോഷ്ടാക്കൾ അടിച്ചു തകർത്തു. തൊപ്പിവച്ച രണ്ടു പേരുടെ ദൃശ്യങ്ങളാണ് പള്ളിയിലെ സിസി ടിവിയിൽ നിന്നും ലഭിച്ചത്. ഇതിനു ശേഷം മോഷ്ടാക്കൾ സമീപത്തെ രണ്ട് പള്ളികളിലും കയറിയെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കരീലകുളങ്ങര പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നു പള്ളികളും സന്ദർശിച്ചു.