a
സജിത്കുമാര്‍

മാവേലിക്കര: കണ്ടിയൂരിൽ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കതിൽ സജിത്കുമാറിനെ(34)യാണ് മാവേലിക്കര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഫെബ്രുവരി 17ന് കണ്ടിയൂർ ചന്തയ്ക്ക് സമീപമായിരുന്നു സംഭവം.

സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്ന കണ്ടിയൂർ പടിഞ്ഞാറേതോപ്പിൽ രമണി(60)യെ പിന്തുടർന്നാണ് മാല കവർന്നത്. ഹെൽമെറ്റ് ധരിച്ചിരുന്ന പ്രതിയേയും വാഹനത്തെയും സംബന്ധിച്ച അടയാളങ്ങൾ ശേഖരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നു.

ഒരു മാസത്തിലധികം നീണ്ട തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുവച്ചാണ് ഷാഡോ സംഘം പ്രതി​യെ പിടികൂടി​യത്. ഇയാൾ കായംകുളം, കരുനാഗപ്പളളി, ചവറ, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ്, പന്തളം പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഡിസംബറിലാണ് പുറത്തിറങ്ങിയത്.
കവർച്ച ചെയ്ത സ്വർണാഭരണം പരിചയക്കാരൻ മുഖേന കായംകുളത്തുളള സഹകരണ ബാങ്കിൽ പണയം വച്ചിരുന്നത് കണ്ടെടുത്തിട്ടുണ്ട്. ഹരിപ്പാട് നിന്നും മോഷ്ടിച്ച് ചെന്നിത്തലയിൽ വിറ്റ ബൈക്കും കണ്ടെടുത്തു. മാവേലിക്കര സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി.എസ്.ബാബു, ആർ.പ്രതിഭാ നായർ, ടി.ആർ.ഗോപാലകൃഷ്ണൻ, സീനിയർ സി.പി.ഒമാരായ സിനു വർഗീസ്, ജി.ഉണ്ണികൃഷ്ണപിളള, സി.പി.ഒമാരായ മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്‌കർ, വി.വി.ഗിരീഷ് ലാൽ, ജി.ഗോപകുമാർ, കെ.അൽഅമീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.