കൊവിഡിന്റെ രണ്ടാംവരവിൽ കുടുങ്ങി പുതിയ അദ്ധ്യയന വർഷം
ആലപ്പുഴ: പുതിയ അദ്ധ്യയന വർഷം പടിവാതിലിൽ എത്തി നിൽക്കവേ, ഇക്കുറിയെങ്കിലും സ്കൂൾ മുറ്റം കാണാനാവുമോയെന്ന ആശങ്കയിലാണ് കുട്ടികൾ. എല്ലാ വിദ്യാലയങ്ങളിലും പ്രവേശന നടപടികൾക്ക് തുടക്കമായിട്ടുണ്ട്. എൽ.പി, യു.പി ക്ലാസുകളിലേക്കുള്ള പ്രവേശനം മുൻപെന്ന പോലെ നടക്കുന്നുണ്ടെങ്കിലും, പ്രീ പ്രൈമറി തലത്തിൽ കുട്ടികളെ ചേർക്കുന്നതിൽ നിന്ന് ഭൂരിഭാഗം രക്ഷിതാക്കളും പിൻവലിയുകയാണ്.
അക്ഷരങ്ങൾ പഠിച്ചു തുടങ്ങേണ്ട കാലയളവിൽ ഓൺലൈനിലേക്ക് തള്ളിവിടുന്നതിന് പകരം ട്യൂഷൻ ക്ലാസുകളിൽ വിട്ട് കുട്ടികളെ പഠിപ്പിക്കാനാണ് പലരും മുതിരുന്നത്. ഒരു അദ്ധ്യയനവർഷം പൂർണമായും കൂട്ടുകാരെയും, അദ്ധ്യാപകരെയും നേരിൽ കാണാൻ കഴിയാതിരുന്നതിനാൽ എങ്ങനെയെങ്കിലും സ്കൂളിൽ തിരിച്ചെത്തണമെന്ന ആഗ്രഹത്തിലാണ് കുട്ടികൾ. അദ്ധ്യാപകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. നേരിൽ കാണാതെ പഠിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. പല പാഠഭാഗങ്ങളും വിശദമാക്കാൻ ഓൺലൈൻ ക്ലാസിൽ പരിമിതികളുണ്ട്. കണക്കിലെ ക്രിയകൾ നേരിൽ കാണാതെ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. കുട്ടികൾ ടിവി ,മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ മുന്നിൽ തളച്ചിടപ്പെട്ടു. കഴിഞ്ഞ വർഷം മത്സരങ്ങളും മേളകളും നഷ്ടമായി. സ്കൂൾ പിരിയഡിന്റെ ഭാഗമായി നടക്കുന്ന ചെറിയ കായിക വ്യായാമങ്ങളിലൂടെ ഫിറ്റ്നസ് നിലനിറുത്താനും അതുവഴി കുട്ടികളുടെ മാനസിക സമ്മർദ്ദം, വിഷാദാവസ്ഥ എന്നിവ കുറയ്ക്കാനും കഴിഞ്ഞിരുന്നു.
ഉഴപ്പിന്റെ ഉസ്താദുക്കൾ!
പഠനത്തോടുള്ള മനോഭാവത്തിൽ കുട്ടികൾക്കിടയിൽ മാറ്റം വന്നിട്ടുണ്ട്. ഓൺലൈൻ പഠനത്തിന്റെ ആദ്യ ദിനങ്ങളെ അപേക്ഷിച്ച്, അവസാന നാളുകളിൽ വിദ്യാർത്ഥികളിൽ ലാഘവം പ്രകടമായിരുന്നതായി അദ്ധ്യാപകർ പറയുന്നു. പരീക്ഷകൾ വീട്ടിലിരുന്ന് എഴുതാമെന്ന സ്ഥിതി വന്നതോടെ പലരും ഉഴപ്പിലേക്ക് കൂപ്പ്കുത്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വെട്ടിച്ചുരുക്കിയതോടെ, രക്ഷിതാക്കൾ ജോലിത്തിരക്കിലേക്ക് മടങ്ങി. ഇതോടെ മൊബൈലും, ലാപ്ടോപും ഉപയോഗിച്ച് സ്വന്തം ലോകത്തേക്ക് പലരും ചുരുങ്ങി. ഇനിയും ഓൺലൈൻ ക്ലാസിലേക്ക് മടങ്ങിയാൽ സ്മാർട് ഫോണുകളുമായി കുട്ടികൾക്കൊപ്പം ഹാജരാകേണ്ടി വരുമല്ലോ എന്ന അങ്കലാപ്പ് രക്ഷിതാക്കൾക്കുമുണ്ട്. ക്ലാസും, ചേദ്യോത്തരങ്ങളും വാട്ട്സാപ്പ് റെക്കാർഡ് ചെയ്ത് അയയ്ക്കുമ്പോൾ അദ്ധ്യാപകർക്ക് കുട്ടികളുടെ പഠന നിലവാരം കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ല. അദ്ധ്യാപകർക്ക് അവരുടെ കഴിവിന്റെ പാതി ശതമാനം പോലും പ്രകടിപ്പിക്കാനുമാവുന്നില്ല.
.......................................
പഠനം വീട്ടിലായാലോ?
സ്കൂളിനെ ആശ്രയിക്കാതെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സീറോ അക്കാഡമിക്ക് രീതിയിലേക്ക് വഴിമാറാൻ പല രക്ഷിതാക്കളും ആലോചിക്കുന്നു. അടുത്ത അദ്ധ്യയന വർഷവും സ്കൂൾ തുറക്കാൻ സാദ്ധ്യതയില്ലെങ്കിൽ വീട്ടിലിരുന്നും ട്യൂഷൻ വഴിയും കുട്ടികൾ അറിവ് നേടട്ടെ എന്നാണ് പലരും തീരുമാനിച്ചിരിക്കുന്നത്. സ്കൂൾ ഫീസ്, തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ, അസൈൻമെന്റുകൾ എന്നിവയിൽ നിന്നു കുട്ടിയെ ഒഴിവാക്കാനും സാധിക്കും. സ്കൂളിൽ ചേരാൻ താത്പര്യമുള്ളപ്പോൾ കുട്ടിയുടെ പ്രായമനുസരിച്ചുള്ള ക്ലാസിലേക്ക് പ്രവേശനം നേടാം.
......................
കുട്ടികളെ നേരിൽ കണ്ട് പഠിപ്പിക്കുന്നതിന്റെ പ്രയോജനം ഓൺലൈൻ ക്ലാസുകളിൽ ലഭിക്കില്ല. അവരുടെ സംശയങ്ങൾ അതത് സമയത്ത് ദൂരീകരിച്ച് പോകേണ്ടതാണ്. പഠന പ്രവർത്തനങ്ങൾ പോലെ തന്നെ പ്രാധാന്യമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികൾക്ക് നഷ്ടമാവുകയാണ്
അദ്ധ്യാപകർ