ജീവിതശൈലിയിലെ നിയന്ത്രണമില്ലായ്മ പ്രധാനകാരണം
ആലപ്പുഴ: ചെറുപ്രായക്കാരിൽ പ്രമേഹവും രക്തസമ്മർദ്ദവും വ്യാപകമാകുന്നുവെന്ന് സർവ്വേ ഫലം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ല തിരിച്ച് 2020ൽ നടത്തിയ സർവേയിലാണ് ജീവിതശൈലീ രോഗത്തിന് യുവതലമുറ അടിപ്പെടുന്നുവെന്ന യാഥാർത്ഥ്യം വ്യക്തമായത്.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസാണ് 15 വയസിന് മുകിലുള്ളവരിൽ പഠനം നടത്തിയത്. ഈ വിഭാഗത്തിലെ നാലിലൊന്നിൽ കൂടുതൽ പേരും പ്രമേഹബാധിതരെന്ന് കണ്ടെത്തി. ഇതേ പ്രായപരിധിയിൽ രക്തസമ്മർദ്ദം ബാധിച്ചവർ മൂന്നിലൊന്ന് പേരാണ്. 2016ൽ 15 മുതൽ 49 വയസ് വരെയുള്ള സ്ത്രീ പുരുഷൻമാരിലാണ് സർവേ നടത്തിയത്. ഇത്തവണ 15 മുതൽ മുകളിലേക്ക് എല്ലാ പ്രായക്കാരെയും സർവേ പരിധിയിൽ ഉൾപ്പെടുത്തി. ശരീരത്തിൽ ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോൾ രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ മുഖ്യ കാരണം ജീവിത ശൈലിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്. ജീവിത ശൈലിയിലെ നിയന്ത്രണങ്ങളിലൂടെയും കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെയും മാത്രമേ പ്രമേഹം നിയന്ത്രിക്കാനാവൂ.
കാരണമായി കൊവിഡും
കൊവിഡ് വ്യാപനം മൂലം വ്യായാമത്തിലും ഭക്ഷണ കാര്യങ്ങളിലും കൃത്യത പാലിക്കാൻ കഴിയാതിരുന്നത് പലരിലും രോഗങ്ങളെ ക്ഷണിച്ചു വരുത്തി. ക്ളാസുകൾ ഓൺലൈനിലേക്ക് ചുരുങ്ങിയതോടെ കുട്ടികളുടെ കളിവട്ടങ്ങളും ഇല്ലാതായി. ചെറുപ്പത്തിൽത്തന്നെ ജീവിതശൈലി രോഗങ്ങൾക്ക് അടിപ്പെടാൻ ഇത്തരം സാഹചര്യങ്ങൾ നിമിത്തമായെന്ന് ഡോക്ടർമാർ
ജീവിതശൈലി രോഗ ലക്ഷണങ്ങൾ
ഓർമക്കുറവ്
സാധാരണ ചെയ്യുന്ന ജോലികൾ മറക്കുന്നു
തീരുമാനം എടുക്കാൻ പറ്റാതാവുന്നു
പഠന വൈകല്യം
പെട്ടെന്ന് വ്യക്തിത്വത്തിലുണ്ടാവുന്ന മാറ്റം
............................
ജീവിത ശൈലിയിൽ മാറ്റം വന്നതാണ് ചെറുപ്പക്കാരിൽ ഇത്തരം രോഗങ്ങൾ വ്യാപിക്കാൻ കാരണം. ഭക്ഷണിരീതി, മാനസിക പിരിമുറക്കം, വ്യായാമക്കുറവ് എന്നിവ പ്രധാന ഘടകങ്ങളാണ്. കൊവിഡ് കാരണം സ്കൂളിലെ കളിസമയങ്ങൾ കുറഞ്ഞത് അവരെയും ജീവിതശൈലി രോഗങ്ങളിലേക്ക് എത്തിക്കാം. ഇവ കുട്ടികളുടെ ബൗദ്ധിക വികാസനത്തെയും പഠനത്തെയും ബാധിക്കും
(ഡോ.ബി.പദ്മകുമാർ,പ്രൊഫസർ ഒഫ് മെഡിസിൻ,മെഡിക്കൽ കോളേജ്, ആലപ്പുഴ)