s

ആലപ്പുഴ: പാർട്ടിയുടെയോ തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെയോ അനുമതിയില്ലാതെ സ്ഥാനാർത്ഥികൾക്ക് എ.എം. ആരിഫ് എം.പിയുടെ ചിത്രം വച്ച് പോസ്‌റ്ററടിച്ച് നൽകിയത് സി.പി.എമ്മിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പുള്ള ഈ നീക്കം പബ്ളിസിറ്റിക് പുറമേ പാർട്ടി ജില്ലാ ഘടകത്തിൽ ആധിപത്യമുറപ്പിക്കാനാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

എല്ലാ ജനപ്രതിനിധികളും മത്സരിക്കുന്നവർക്കായി പ്രത്യേകം പ്രസ്ഥാവന ഇറക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നു. എന്നാൽ, പടം വച്ച് പോസ്‌റ്ററട‌ിക്കാൻ ആരും ആവശ്യപ്പെട്ടിരുന്നില്ല. അരൂർ മുതൽ കായംകുളം വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലും പോസ്‌റ്ററുകൾ നിരന്നതോടെയാണ് പാർട്ടി പോലും വിവരമറിഞ്ഞത്. മത്സരരംഗത്തു നിന്ന് മാറി നിൽക്കുന്ന ജി. സുധാകരൻ, തോമസ് ഐസക് എന്നിവരുടെ ചിത്രം വച്ച് അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് പോസ്‌റ്ററടിക്കാൻ പാർട്ടി അനുമതി നൽകിയിരുന്നു. ഈ നേതാക്കളെ ഒഴിവാക്കിയത് മണ്ഡലത്തിൽ പ്രതിഫലിക്കുമെന്ന് വ്യക്തമായതോടെയായിരുന്നു പാർട്ടിയുടെ ഇടപെടൽ. എന്നാൽ, പല സ്ഥലങ്ങളിലും മന്ത്രി ജി. സുധാകരന്റെ പോസ്‌റ്റർ നശിപ്പിച്ച ശേഷമാണ് ആരിഫിന്റെ ചിത്രങ്ങളോടുകൂടിയ പോസ്‌റ്ററുകൾ പതിച്ചത്. ഈ നടപടി ഗൂഢലക്ഷ്യങ്ങളോടുള്ളതാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ പാർട്ടിയിലെ മുറുമുറുപ്പ് വലിയൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാം.

അഴിമതിമുക്ത പരിവേഷമുള്ള സുധാകരന്റെ പോസ്‌റ്ററുകൾ നശിപ്പിച്ച് ആരിഫിന്റേത് പതിച്ചതിന് പിന്നിൽ പ്രവർത്തകർക്കിടയിൽ അമർഷം ശക്തമാണ്. നടപടിയിൽ പ്രതിഷേധിച്ച് സുധാകരൻ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പിന്നാക്കം പോകുമോയെന്നും പ്രവർത്തകർക്ക് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുധാകരൻ സജീവമായിരുന്നു. ഐസക്കിനെയും സുധാകരനെയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനഘടകം വെട്ടിനിരത്തുകയായിരുന്നു. മുതിർന്ന നേതാക്കൾ വഴിമാറിയതോടെ പാർട്ടി ജില്ലാ ഘടകം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ചില നേതാക്കൾ നടത്തുന്നതെന്ന വിമർശനമാണ് ഉയരുന്നത്. പാർട്ടിയെ തെറ്റായ വഴിയിലേക്ക് തള്ളിവിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തിരുത്തൽ നടത്താത്തതും വിവാദമായിട്ടുണ്ട്.

 പോസ്‌റ്ററ‌ടിച്ചത് പാർട്ടി അറിഞ്ഞില്ല

ചിത്രം വച്ച് എ.എം. ആരിഫ് എം.പി സ്ഥാനാർത്ഥികൾക്ക് പോസ്‌റ്ററ‌ടിച്ച് നൽകിയത് പാർട്ടി അറിഞ്ഞല്ല. പാർട്ടിയുടെ അനുമതിക്കായി സമീപിച്ചിട്ടുമില്ല. ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. ദുരുദ്ദേശത്തോടെയല്ല പോസ്‌റ്ററടിച്ചതെന്ന് കരുതുന്നു.

ആർ. നാസർ

സി.പി.എം ജില്ലാ സെക്രട്ടറി