ചേർത്തല: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന പേരിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി.പ്രദ്യോതിനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കഴിഞ്ഞദിവസം കൂടിയ കരുവ ലോക്കൽ കമ്മിറ്റിയാണ് നടപടിയെടുത്തത്.
കരുവ ലോക്കൽ കമ്മിറ്റിയംഗവും 85-ാം നമ്പർ ബൂത്ത് കമ്മിറ്റി സെക്രട്ടറിയുമാണ് പ്രദ്യോത്. വിമർശനങ്ങളെത്തുടർന്ന് മന്ത്റിതന്നെ ഇടപെട്ടാണ് അടിയന്തര ലോക്കൽ കമ്മിറ്റി വിളിച്ച് നടപടിയെടുത്തത്. ജില്ലാ എക്സിക്യുട്ടീവ് അംഗം എൻ.എസ്. ശിവപ്രസാദ്, മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർത്ഥൻ,അസി.സെക്രട്ടറി യു.മോഹനൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വീഴ്ചകാട്ടിയതിന് കൂടുതൽ പേർക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇതും നടപടിയിലേക്കു നീങ്ങുമെന്നാണ് സൂചന.
സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ ചേർത്തലയിലെ സി.പി.ഐയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.അതിനാൽ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി സി.പി.എം ശക്തമായി പ്രവർത്തന രംഗത്തുവന്നെങ്കിലും സി.പി.ഐയിലെ ചില നേതാക്കൾ ആദ്യ ഘട്ടത്തിൽ അയഞ്ഞ മട്ടിലായിരുന്നെന്ന വിമർശനങ്ങളും ഇപ്പോൾ ഉയർന്നിട്ടുണ്ട്. ഈ നേതാക്കളെ നേതൃത്വം രഹസ്യമായി നിരീക്ഷിച്ചിരുന്നെന്നാണ് സൂചന. നഗരസഭയിലെ ചിലഭാഗങ്ങളിലും, ചേർത്തലതെക്ക്,കടക്കരപ്പള്ളി,മുഹമ്മ,തണ്ണീർമുക്കം എന്നിവിടങ്ങളിലുമാണ് പ്രവർത്തനം സംബന്ധിച്ച പരാതികൾ കൂടുതൽ.
പ്രാദേശികമായുണ്ടായ വിഷയത്തിന്റെ പേരിലാണ് നടപടിയെന്നും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്റി പി.തിലോത്തമൻ പറഞ്ഞു. തിരഞ്ഞെടുപ്പുദിനത്തിൽ പ്രദ്യോതിന്റെ ഭാഗത്തു വീഴ്ചയുണ്ടായതായി ബോദ്ധ്യപ്പെട്ടതിനാലാണ് പാർട്ടി നടപടിയെടുത്തത്. ഇതുമായി ബന്ധപെട്ട എല്ലാ സാഹചര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും വീഴ്ചകൾ വച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും തിലോത്തമൻ പറഞ്ഞു.