ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടും
ആലപ്പുഴ: വർഷകാല ദുരിതത്തിൽ നിന്ന് ശാശ്വതമോചനം തേടിയുള്ള എ-സി റോഡ് നവീകരണം പുരോഗമിക്കുന്നു.
ആദ്യഘട്ടമെന്ന നിലയിൽ കാനകളും യാർഡ് പ്ലാന്റുകളിലെ നിർമ്മാണവുമാണ് നടക്കുന്നത്. 671.66 കോടിയുടെ ബൃഹത് പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയും, അസർബൈജാൻ കമ്പനിയും സംയുക്തമായാണ് ഏറ്റെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് ഗതാഗതം വഴിതിരിച്ച് വിടുന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. പോളിംഗ് പ്രക്രിയ അവസാനിച്ചതോടെ ഭാരവാഹനങ്ങൾ അമ്പലപ്പുഴ - തിരുവല്ല പാതവഴി തിരിച്ചുവിടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച് കളക്ടറുമായുള്ള ചർച്ച വരുംദിവസങ്ങളിൽ നടക്കും. 30 മാസമാണ് നിർമ്മാണ ഏജൻസികൾക്ക് അനുവദിച്ചിരിക്കുന്ന സമയം. ആദ്യ ഘട്ടത്തിലെ ഭാര പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് രൂപരേഖ തയ്യാറാക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിയുടെ പെരുന്നയിലെ യാർഡിൽ രണ്ട് റെഡിമിക്സ് കോൺക്രീറ്റ് പ്ലാന്റുകൾ സ്ഥാപിച്ചു. ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ഭാഗത്ത് പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദേശീയപാതയെയും, എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് എ-സി റോഡ്. തോട്ടപ്പള്ളി സ്പിൽ വേ പാലത്തിൽ ഗതാഗത തടസമുണ്ടായാൽ ബദൽ സംവിധാനമായും ഇത് പ്രയോജനപ്പെടും.
................
ലേറ്റസ്റ്റ് മോഡൽ
സെമി എലിവേറ്റഡ് ഹൈവേ രീതിയിലാണ് നിർമ്മാണം. നവീകരിക്കുന്ന റോഡിന് 10 മീറ്റർ വീതിയുള്ള രണ്ടുവരി പാതയും, ഇരു വശത്തും നടപ്പാതയും ഉൾപ്പെടെ 14 മീറ്റർ വരെ വീതിയുണ്ടാകും. ബി.എം ആൻഡ് ബി.സി, ജിയോ ടെക്സ്റ്റൈൽ ലെയർ, ജിയോഗ്രിഡും കയർ ഭുവസ്ത്രവും എൻകേസ് ചെയ്ത സ്റ്റേൺകോളം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള രീതിയാണ് 20 കിലോമീറ്ററിനുള്ളിൽ അവലംബിക്കുന്നത്. വെള്ളപ്പൊക്കമുണ്ടാകുന്ന ഏറ്റവും താഴ്ന്ന പ്രദേശത്ത് ഫ്ലൈ ഓവറുകൾ നിർമ്മിക്കും. എ-സി റോഡിന് കുറുകെയുള്ള നീരൊഴുക്കിന് ഭംഗം വരാതിരിക്കാൻ നിരവധി പാലങ്ങൾ നിർമ്മിക്കും. പില്ലറുകൾ ഒഴികെ പാലത്തിന്റെ പ്രീകാസ്റ്റ് ചെയ്ത ഭാഗങ്ങൾ അതത് സ്ഥലങ്ങളിൽ ട്രെയ്ലറുകൾ ഉപയോഗിച്ചാവും സ്ഥാപിക്കുക.
....................
രണ്ടാം ഘട്ട ഭാരപരിശോധന ഈ ആഴ്ച നടക്കും. പള്ളിക്കൂട്ടുമ്മയിലെ ആദ്യ ഘട്ട പരീക്ഷണം വിജയമായിരുന്നു. പാലങ്ങളുടെ അടക്കം രൂപരേഖ അവസാനഘട്ടത്തിലാണ്. മഴ കനക്കുന്നതിന് മുമ്പ് പരമാവധി വേഗത്തിൽ ജോലികൾ പൂർത്തീകരിക്കാനാണ് ശ്രമം
ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ