അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ വിജയകൃഷ്ണന്റെ മരണം സംബന്ധിച്ച് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് എസ്.പി ബിജോയ്ക്ക് അന്വേഷണ ചുമതല കൈമാറി.
ഇന്നലെ ചെങ്ങന്നൂർ പുലിയൂരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് എൻ.വാസു പറഞ്ഞു. കഴിഞ്ഞ ദിവസം ദേവസ്വം പ്രസിഡന്റ് ക്ഷേത്രത്തിലെത്തിയപ്പോൾ വൻ പ്രതിഷേധം ഉണ്ടായിരുന്നു. അസുഖ ബാധിതനും ക്ഷീണിതനുമായിരുന്ന ആനയെ ജനുവരി 30 മുതൽ ദേവസ്വം ബോർഡിനു കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിനു കൊണ്ടുപോയതിൽ പ്രകോപിതരായിരുന്നു പ്രദേശവാസികൾ. എന്നാൽ ഫോറസ്റ്റ് വകുപ്പാണ് ആനകളുടെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നും, അവർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. വിശദമായ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.