അമ്പലപ്പുഴ: കഴിഞ്ഞ ദിവസം ചരിഞ്ഞ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ വിജയകൃഷ്ണന്റെ സംസ്‌കാരം വനം വകുപ്പിന്റെ നേതൃത്വത്തിൽ കോന്നിയിലെ ഉൾവനത്തിൽ നടന്നു. തിങ്കളാഴ്ച രാത്രി 10ന് വനം വകുപ്പ് ജീവനക്കാർ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ക്രെയിൻ ഉപയോഗിച്ച് ടോറസ് ലോറിയിൽ കയറ്റിയാണ് കോന്നി ആനത്താവളത്തിലെത്തിച്ചത്.
വനം വകുപ്പ് വെറ്ററിനറി ഡോക്ടർമാർ ഇന്നലെ രാവിലെ ഒമ്പതിന് പോസ്റ്റുമോർട്ടം പൂർത്തിയാക്കി. തുടർന്നായിരുന്നു സംസ്‌കാരം. ഭക്തരും, ആനപ്രേമികളും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കോന്നി ആനത്താവളത്തിലെത്തിയെങ്കിലും ഉൾവനത്തിലായതിനാൽ മടങ്ങേണ്ടിവന്നു.
കോന്നിയിലേക്കു കൊണ്ടുപോകുന്നതുവരെ ജനനിബിഡമായിരുന്നു അമ്പലപ്പുഴ ക്ഷേത്ര പരിസരം. ദുഃഖം താങ്ങാനാവാതെ പലരും പരിസരം മറന്ന് നിലവിളിച്ചു. കടകമ്പോളങ്ങളും ഉച്ചമുതൽ അടഞ്ഞുകിടന്നു.