ആലപ്പുഴ: വിഷു ആഘോഷിക്കാൻ കണികാണാൻ കൊന്നപ്പൂവ് മുതൽ വെള്ളരി വരെ ഇന്ന് അന്യനാട്ടിൽ നിന്നുമെത്തണം. മലയാളിയുടെ ഈ സ്വയം വിമർശനം കേൾക്കാൻ തുടങ്ങിയിട്ട് നാള് ഒരുപാടായി. എന്നാൽ അതിന് എന്തെങ്കിലുമൊരു പരിഹാരം ഇതേവരെ പറഞ്ഞുകേട്ടിട്ടുമില്ല.
ഈ പതിവിന് ഒരു മാറ്റമായി ഇക്കുറി എത്തുകയാണ് കഞ്ഞിക്കുഴിയുടെ കണിവെള്ളരി. അഭ്യസ്ത വിദ്യരുൾപ്പടെയുള്ള കർഷകർ കണിവെള്ളരി കൃഷിയിലേയ്ക്ക് തിരിഞ്ഞപ്പോൾ ഇവിടെ ടൺകണക്കിന് കണിവെള്ളരി റെഡിയാണ്. മികച്ച വിളവാണ് കണിവെള്ളരി കൃഷിയിൽ കർഷകർക്ക് ലഭിച്ചത് .
ജില്ലയിൽ വിഷുവിന് കണി ഒരുക്കാൻ കഞ്ഞിക്കുഴിയുടെ കണിവെള്ളരി ഇക്കുറി മതിയാകും. എന്ന് മാത്രമല്ല, അയൽ ജില്ലകളിലെ കർഷകർ ഇവിടെ നിന്ന് വെള്ളരി വാങ്ങുന്നുമുണ്ട്. എറണാകുളം,വൈക്കം ,ആലപ്പുഴ എന്നിവിടങ്ങളിലെ കച്ചവടക്കാർക്ക് 18-20 രൂപയ്ക്കാണ് വെള്ളരി വിൽക്കുന്നത്.
മഴയെപേടിച്ച് ഇത്തവണ വിളവെടുപ്പ് നേരത്തെ ആക്കിയിരുന്നു. വരും ദിവസങ്ങളിൽ മഴപെയ്താൽ വെള്ളരി വെള്ളത്തിൽ നിന്ന് പറിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് കർഷകർ പറയുന്നു.
...........
# കണിവെള്ളരി കൃഷിയിലെ കഞ്ഞിക്കുഴി ഗാഥ
ലോക്ഡൗൺ കാലത്ത് കഞ്ഞിക്കുഴിയിൽ അഭ്യസ്തവിദ്യരായ പല യുവാക്കളും ജൈവ കൃഷിയിലേക്ക് തിരിഞ്ഞു. വിഷു മുന്നിൽ കണ്ട് പലരും പാട്ടത്തിനെടുത്താണ് വിളവ് ഇറക്കിയത്. ഇത്തവണ കഞ്ഞിക്കുഴിയിൽ കണിവെള്ളരിയിൽ ഉത്പാദനം കൂടിയതിനാൽ മാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞു. അതാണ് കച്ചവടക്കാർക്ക് വിലകുറച്ച് വെള്ളരി വിൽക്കേണ്ടി വരുന്നത്. എന്നാൽ വിഷുദിനത്തോട് അനുബന്ധിച്ച് കിലോ വില 50-60 രൂപ വരെ എത്തും.
കൃഷി വകുപ്പിൽ നിന്ന് വളം സബ്സിഡിയായി കിട്ടുന്നത് സഹായകരമാണെന്ന് കർഷകർ പറയുന്നു. കഞ്ഞിക്കുഴിയിൽ കണിവെള്ളരി കൃഷി നടത്തുന്ന കർഷകരിലൊരാളാണ് വി.പി. സുനിൽകുമാർ. പത്തേക്കറിലാണ് സുനിലിന്റെ ആകെ കൃഷി. അതിൽ കണിവെള്ളരി കൃഷി ഒരേക്കറോളം വരും. കോഴിവളം, ചാരം, പച്ചില വളം തുടങ്ങിയ ജൈവവളങ്ങൾ മാത്രമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കിലോയ്ക്ക് 18 രൂപ നിരക്കിലാണ് കച്ചവടക്കാർക്ക് വിൽക്കുന്നത്. കൂടുതൽ പേർ കണിവെള്ളരി കൃഷിയിലേയ്ക്ക് ഇപ്പോൾ ഇറങ്ങുന്നുണ്ടെന്ന് സുനിൽ പറഞ്ഞു.
.......
വെള്ളരി കൃഷി
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വെള്ളരികൃഷി ആരംഭിക്കാം. വേനൽക്കാലത്ത് വയലുകളിൽ നടാം. കൊയ്തു കഴിയുമ്പോഴേക്കും ചെറിയ കവറുകളിലേക്ക്, മണൽ, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കൂട്ടി കലർത്തിയ മിശ്രിതം നിറച്ച് വിത്ത് പാകണം. ആവശ്യത്തിന് നനവ് കൊടുക്കണം. 2-3 ഇലകൾ വന്നു കഴിയുമ്പോൾ വയലിൽ കുഴികളെടുത്ത് അടിവളം ചേർത്ത് വേരിളകാതെ കവർ പൊട്ടിച്ച് മണ്ണോടു കൂടി നടണം.
.......................
'' വിഷുവിന് കണിവയ്ക്കുന്നതിനുള്ള കണിവെള്ളരി വിളവെടുപ്പ് തുടങ്ങി. ഇത്തവണ മികച്ച വിളവാണ് ലഭിച്ചത്. മഴയെ പേടിച്ചാണ് ഇത്തവണ വിളവെടുപ്പ് നേരത്തെ നടത്തിയത്. കഴിഞ്ഞ തവണ കൊവിഡ് സമയത്ത് നാട്ടുകാർക്ക് സൗജന്യമായി വെള്ളരിയും പച്ചക്കറിയും വിതരണം ചെയ്തു.
വി.പി.സുനിൽകുമാർ,ജൈവകർഷകൻ,
കഞ്ഞിക്കുഴി
................