ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ വീണ്ടും വ്യാപാരികളെ ദ്രോഹിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.ആലപ്പുഴയിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരളത്തിലെ വ്യാപാര മേഖല കടന്നുപോവുന്നത്. പ്രളയം മുതലുള്ള അവസ്ഥ നോക്കിയാൽ ഇവയെല്ലാം കാര്യമായി ബാധിച്ചത് കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന സാധാരണ കച്ചവടക്കാരെയാണെന്നു വ്യക്തമാവും. കൊവിഡ് രോഗികളുടെ എണ്ണം കൂടിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ് . തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും സ്ഥിതി സമാനമായിരുന്നു. സെക്ടറൽ മജിസ്ട്രറ്റുമാരും ആരോഗ്യ വകുപ്പും പൊലീസും ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സമാന നടപടിയുമായി സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ സമരപരിപാടികളുമായി വ്യാപാരികൾ തെരുവിലിറങ്ങേണ്ടി വരുമെന്നും യോഗം വ്യക്തമാക്കി.