മാവേലിക്കര- അകാലത്തിൽ പൊലിഞ്ഞ മഹേഷ് മോഹന്റെ സ്മരണാർഥം സുഹൃത്തുക്കളുടെ കൂട്ടായ്മയായ കുറത്തികാട് ചങ്ക്സ് സൗഹൃദ കൂട്ടായ്മ കുറത്തികാട് സെന്റ് ജോൺസ് എം.എസ്‌.സി യു.പി.എസിൽ രണ്ടേകാൽ ലക്ഷം രൂപ ചെലവഴിച്ച് ഓപ്പൺ സ്റ്റേജ് നിർമ്മിച്ച നൽകി. മഹേഷിന്റെ ഒന്നാം ചരമ വാർഷികത്തിൽ ശിലാസ്ഥാപനം നടത്തിയ സ്റ്റേജിന്റെ സമർപ്പണം ഇന്നലെ മഹേഷിന്റെ അമ്മ അമ്പിളി മോഹൻ നിർവഹിച്ചു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ റിനോഷ് സാമുവേൽ അധ്യക്ഷനായി. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന കറസ്പോണ്ടന്റ് ജോർജ് ചരുവിള കോറെപ്പിസ്കോപ്പ, ലോക്കൽ മാനേജർ ഫാ.ബനഡിക്ട് കുര്യൻ പെരുമുറ്റത്ത്, തെക്കേക്കര പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ, ഗീത മുരളി, ജയരാജ്, ജോൺ വർഗീസ്, മുൻ പ്രഥമാധ്യാപകൻ വർഗീസ് തോമസ്, പി.ടി.എ പ്രസിഡന്റ് വർഗീസ് കുറത്തികാട്, ചങ്ക്സ് കൂട്ടായ്മ പ്രതിനിധികളായ അരുൺ ആർ.ഉണ്ണിത്താൻ, സിജോ ജോയി, സുധീർ മേലടത്ത് എന്നിവർ സംസാരിച്ചു. അധ്യാപിക സിബി മാത്യു, കെ.ജെ.സജിമോൻ, വി.അമൃതലക്ഷ്മി, സഞ്ജന ജി.കൃഷ്ണൻ, അലീന മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ആലിന്റെ വടക്കതിൽ കേരള കൗമുദി ഏജന്റ് മോഹനന്റെയും അമ്പിളിയുടെയും മകൻ എം.മഹേഷ് കുമാർ (30) 2019 സെപ്റ്റംബർ 15നാണ് മരിച്ചത്.