ആലപ്പുഴ: കിഫ്ബിയിൽ നിന്ന് 14.26 കോടി ചെലവിട്ട് പൈതൃക പദ്ധതിയുടെ ഭാഗമായി പഴയ കടൽപ്പാലത്തിന്റെ ശേഷിപ്പുകൾ നിലനിറുത്തി സമാന്തര പാലം നിർമ്മിക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കുടുങ്ങി. സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടർ നടപടികൾ അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നത്.
മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് അധികൃതർ കടൽപ്പാലം ഉൾപ്പെടെ 12പദ്ധതികളുടെ ടെണ്ടറിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി സമർപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കമ്മിഷൻ പച്ചക്കൊടി കാട്ടിയില്ല. കമ്മിഷന്റെ അനുമതി ലഭിച്ചാൽ ടെണ്ടർ നടപടി പൂർത്തീകരിച്ച് അഞ്ച് ആഴ്ചയ്ക്കുള്ളിൽ നിർമ്മാണപ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ഉപ്പുകാറ്റേറ്റ് തുരുമ്പെടുക്കുന്നതു തടയുന്ന തരത്തിൽ ഒരു വർഷത്തിനകം പാലം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പഴയ പാലത്തിലെ റെയിലുകളുടെ അവശിഷ്ടങ്ങൾ തീരത്ത് ബാക്കിയായി നിൽക്കുന്നു. പാലം പുനർനിർമ്മിക്കുന്നതിനും കപ്പൽ എത്തിക്കുന്നതിനും വിവിധ പദ്ധതികൾ സർക്കാരുകൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലവത്തായില്ല.
മന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശ പ്രകാരമാണ് പാലം നിർമ്മാണം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയത്. മറ്റ് തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വിനോദ സഞ്ചാര കപ്പൽ കഴിഞ്ഞ മാസം ആലപ്പുഴയിൽ എത്തിക്കാൻ ലക്ഷ്യമിട്ടിരുന്നു. പക്ഷേ ഇടയ്ക്കു കയറിവന്ന തിരഞ്ഞെടുപ്പ് വിനയായി മാറി. ബീച്ചിലെ ലൈറ്റ് ഹൗസിന് വടക്കുഭാഗത്തെ റോഡിന് പടിഞ്ഞാറോട്ട് നിലവിലെ കടൽപാലത്തിന്റെ സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്.160വർഷത്തെ പഴക്കമുള്ളതാണ് നിലവിലെ കടൽപാലം. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ടൂറിസം കപ്പൽ യാത്ര ഇതോടെ സാദ്ധ്യമാവും. ആദ്യ ടൂറിസ്റ്റ് യാത്രാക്കപ്പൽ കഴിഞ്ഞ മാസം തുറമുഖത്ത് എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
സൗന്ദര്യവത്‌കരണം
തിരഞ്ഞെടുപ്പിന് മുമ്പ് കരാർ ഉറപ്പിച്ച നാല് കോടിയുടെ ബീച്ച് സൗന്ദര്യ വത്കരണ പദ്ധതി ഉടൻ ആരംഭിക്കും. ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിനു താഴെ കടൽതീരത്തിന് അഭിമുഖമായാണ് പദ്ധതി നടപ്പാക്കുന്നത്. ബിഷപ്പ് ഹൗസ് മുതൽ ഇ.എസ്.ഐ ആശുപത്രി വരെയുള്ള ബീച്ചിന് സമാന്തരമായിട്ടാണ് സൗന്ദര്യ വത്കരണം.
അവസാന കപ്പൽ 1989ൽ
ആലപ്പുഴ തുറമുഖ തീരത്ത് ചരക്കുമാറ്റത്തിനായി 1989ലാണ് അവസാനമായി കപ്പൽ എത്തിയത്. ഈ കപ്പൽ തുറമുഖത്തുനിന്നു യാത്രയായപ്പോൾ അത് അവസാന കാഴ്ചയാണെന്ന് അന്ന് തുറമുഖത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളോ നാട്ടുകാരോ ചിന്തിച്ചുകാണില്ല. നിലവിൽ ടൂറിസം സാദ്ധ്യതകൾ കൂടി ഉള്ളതിനാൽ പുതിയ പാലത്തിന്റെ നിർമ്മാണം ഏറെ പ്രതീക്ഷയോടെയാണ് ആലപ്പുഴയിലെ ടൂറിസം മേഖല കാണുന്നത്.
.........................
മുമ്പ് പ്രഖ്യാപിച്ച പദ്ധതിയായതിനാൽ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ ബോദ്ധ്യപ്പെടുത്തി തുടർ നടപടികൾ വേഗത്തിലാക്കും. നാലുകോടിയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതി ഉടൻ ആരംഭിക്കും
പി.എം.നൗഷാദ്, എം.ഡി, മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്
....................
പദ്ധതി ചെലവ്: 14.26 കോടി
പാലത്തിന്റെ നീളം: 420 മീറ്റർ
വീതി: 4.5 മീറ്റർ
ബീച്ച് സൗന്ദര്യവത്കരണം :4 കോടി
..................................................