s

ആലപ്പുഴ : ഈ വിഷുവെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ പടക്ക വ്യാപാരികൾ. കൊവിഡ് കാരണം കഴിഞ്ഞ വിഷു സീസൺ പൂർണമായും പടക്കവിപണിക്ക് നഷ്ടമായിരുന്നു. ക്രിസ്മസ്, പുതുവത്സര കച്ചവടവും വലിയ തോതിൽ ലഭിച്ചില്ല. വർഷത്തിൽ ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കുന്നത് വിഷുവിനാണ്.

വിഷു മിന്നിൽ കണ്ട് മാർച്ച് അവാസ ആഴ്ചയിൽ തന്നെ ശിവകാശിയിൽ നിന്നും ജില്ലയിലേക്ക് പടക്കമെത്തിയിരുന്നു. ഇത് കൂടാതെ അങ്കമാലി,പറവൂർ ഭാഗങ്ങളിൽ നിന്നും പടക്കങ്ങൾ എത്തി. 18 ശതമാനം ജി.എസ്.ടി അടച്ചാണ് ശിവകാശിയിൽ നിന്ന് പടക്കം വാങ്ങുന്നത്. ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഓലപ്പടക്കത്തിന്റെ മൊത്ത വ്യാപാരികളുള്ളത്. ഇപ്പോൾ ശിവകാശിയിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പടക്കം എത്തുന്നത്. ശിവകാശിയിൽ നിർമ്മിക്കുന്ന വിവിധയിനം വർണ്ണങ്ങൾ വിരിയിക്കുന്ന പടക്കമാണ് കൂടുതൽ വിൽക്കുന്നത്.കമ്പിത്തിരി, പൂത്തിരി,മത്താപ്പ്,പാളിപ്പടക്കം,ശക്തികുറഞ്ഞ പടക്കങ്ങൾ തുടങ്ങിയവയാണ് ജനകീയ ബ്രാൻഡുകൾ. ശക്തി കൂടിയ ഓലപ്പടക്കത്തിനായിരുന്നു പ്രിയം കൂടുതൽ. എന്നാൽ നാടൻ ഓലപ്പടക്കത്തിന് കോടതി നിരോധനം ഏർപ്പെടുത്തിയത് തിരിച്ചടിയായി. സുരക്ഷയില്ലാതെയുള്ള നിർമ്മാണ രീതിയാണ് അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം. തുറവൂർ, വളമംഗലം, മുട്ടം, എന്നിവിടങ്ങളിലാണ് ജില്ലയിൽ പടക്ക നിർമ്മാണ ശാലകൾ കുടിൽ വ്യവസായം പോലെ പ്രവർത്തിക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന ഓലപ്പടക്കത്തിന് ചെലവ് കുറവും ശക്തി കൂടിയതുമായിരുന്നു. വ്യാപാരികൾക്ക് കൂടുതൽ ലാഭവും ലഭിക്കുമായിരുന്നു. എന്നാൽ നിരോധനം ഇതിന് തിരിച്ചടിയായി. ചിലയിനം രാസവസ്തുക്കളുടെ വില്പന നിരോധിച്ചതും ഗ്രാമീണ പടക്ക നിർമ്മാണ മേഖലയെ ബാധിച്ചു.ഉത്സവ സീസണുകളിൽ ജില്ലയിലെ റോഡുകൾക്കരികിൽ പോലും താത്കാലിക പടക്ക വില്പന നടക്കാറുണ്ട്. പടക്ക നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ചില താത്കാലിക കച്ചവടശാലകൾ തലപൊക്കുന്നത് അംഗീകൃത കച്ചവടക്കാർക്ക് വിനയാണ്.

.......

കോടികളുടെ കച്ചവടം

വിഷുക്കാലത്ത് കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കാറുണ്ടെന്നാണ് കണക്ക്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം പടക്ക കച്ചവടത്തിന് അനുമതിയുണ്ടായിരുന്നില്ല. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. വാങ്ങിയ പടക്കങ്ങളിൽ ഭൂരിഭാഗവും കേടുവരികയും നിർമ്മാതാക്കൾ തിരിച്ചെടുക്കാതിരിക്കുകയും ചെയ്തതോടെ നഷ്ടം ഭീമമായി. കഴിഞ്ഞ സീസണിലെ നഷ്ടം ഇത്തവണയുണ്ടാകില്ലെന്ന വിശ്വാസമാണ് പടക്ക കച്ചവടക്കാർക്കുള്ളത്.കൊവിഡിന് മുമ്പ് തന്നെ അടിക്കടിയുള്ള ദുരന്തങ്ങളും കോടതിയുടെ ഇടപെടലും പടക്ക നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായിരുന്നു.

......

തിരഞ്ഞെടുപ്പ് തിരിച്ചടി

ആലപ്പുഴ നഗരത്തിൽ മൂന്ന് പടക്ക മൊത്ത വ്യാപാര സ്ഥാപനങ്ങളുണ്ട്. ചേർത്തല മാർക്കറ്റിൽ അഞ്ചും .കൊട്ടാരപ്പാലം, പഴവീട്, നഗരസഭാ ഓഫീസിനു സമീപം എന്നിവിടങ്ങളിലാണ് ആലപ്പുഴ നഗരത്തിൽ അംഗീകൃത പടക്കവ്യാപാരശാലകൾ .പടക്ക കച്ചവട സ്ഥാപനങ്ങൾക്ക് ഓരോ വർഷവും ലൈസൻസ് പുതുക്കി നൽകണം. ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ഉദ്യോഗസ്ഥർ തിരക്കിലായിരുന്നതിനാൽ പലർക്കും ലൈസൻസ് ലഭ്യമായിട്ടില്ല.

........

'' ഇത്തവണ പ്രകൃതി സൗഹൃദ പടക്കങ്ങളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെ വിഷുവിന് അധിക സ്റ്റോക്ക് എടുത്തിട്ടില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് തിരക്ക് കുറച്ച് വേണം കച്ചവടം നടത്താൻ. നല്ല കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷ. ശിവകാശിയിൽ നിന്നാണ് കൂടുതൽ പടക്കം വിൽപനയ്ക്ക് എത്തിച്ചിട്ടുള്ളത്.

(രാജീവ് ഷേണായി,ആലപ്പി യുണൈറ്റഡ് ട്രെയ്ഡ് ഉടമ)