ആലപ്പുഴ: പാർട്ടി അറിയാതെ സ്ഥാനാർത്ഥികൾക്ക് എ.എം. ആരിഫ് എം.പിയുടെ ചിത്രം വച്ച് പോസ്റ്റടിച്ച് നൽകിയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പാർട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ചില നേതാക്കൾ ജില്ലാ സെക്രട്ടറി ആർ. നാസറിനെ അറിയിച്ചു. സംസ്ഥാന ഘടകത്തെയും വിവരം ധരിപ്പിച്ചു. അടുത്ത ജില്ലാ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമെന്ന് നേതാക്കൾ വ്യക്തമാക്കി.പോസ്റ്ററടിച്ച വിവരം പാർട്ടി അറിഞ്ഞിരുന്നില്ലെന്ന് ആർ. നാസർ വെളിപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് അരൂർ മുതൽ കായംകുളം വരെയുള്ള ദേശീയപാതയിലെ ഇരുവശങ്ങളിലും സ്ഥാനാർത്ഥികൾക്കൊപ്പം ആരിഫിന്റെ ചിത്രമുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിൽ പോസ്റ്ററടിക്കാൻ നിർദ്ദേശിക്കുകയോ അടിച്ച വിവരമോ പാർട്ടി അറിഞ്ഞിരുന്നില്ല. അസുഖബാധിതനായ ജില്ലാ സെക്രട്ടറി ആർ. നാസർ ഈ ദിവസങ്ങളിൽ രംഗത്തുണ്ടായിരുന്നില്ല. സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയുമില്ല. ഇതിനിടയിലാണ് വിവാദ പോസ്റ്ററുകൾ ജില്ലയിലൊട്ടാകെ പതിച്ചത്. അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിക്കൊപ്പമുള്ള മന്ത്രി ജി. സുധാകരന്റെ പോസ്റ്ററുകൾ നശിപ്പിച്ച ശേഷമാണ് ആരിഫിന്റേത് ഒട്ടിച്ചത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. അമ്പലപ്പുഴയിലും ആലപ്പുഴയിലും സ്ഥാനാർത്ഥികൾക്കൊപ്പം മന്ത്രിമാരുടെ ചിത്രം വച്ച് പോസ്റ്ററടിക്കാൻ പാർട്ടി നിർദ്ദേശിച്ചിരുന്നു.
കായംകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ ലക്ഷ്യമിട്ട് പാൽസൊസൈറ്റിലയിലേക്കുള്ള തിരഞ്ഞെടുപ്പല്ലെന്ന ആരിഫിന്റെ വിവാദ പ്രസംഗം കണക്ക്കൂട്ടിയുള്ളതാണെന്ന വിമർശനവും ഉയർന്നു. ജില്ലയിൽ സി.പി..എമ്മിലെ ഏക ഈഴവ സ്ഥാനാർത്ഥി പ്രതിഭയായിരുന്നു. പ്രസംഗം യു.ഡി.എഫ് ആയുധമാക്കി. അറിഞ്ഞുകൊണ്ടുള്ള പരാമർശം സ്വന്തം സ്ഥാനാർത്ഥിക്ക് പണികൊടുക്കാനായിരുന്നുവെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും മത്സരരംഗത്തു നിന്ന് വഴിമാറിയതോടെ പാർട്ടി ജില്ലാ ഘടകം പിടിച്ചെടുക്കാനുള്ള ചിരുടെ തന്ത്രങ്ങളുടെ ഭാഗമായാണ് ആരിഫിന്റെ നീക്കമെന്ന് പറയപ്പെടുന്നു. മന്ത്രിമാരായ ഇരുവരും മണ്ഡലം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് ആരിഫിന്റെ പോസ്റ്റർ ആലപ്പുഴ ലോക്സഭാ മണ്ഡലം മുഴുവൻ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ മൂന്ന് നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ആലപ്പുഴയിലെ ഇടതുമുന്നണിയിൽ പഴയ പോലെയുള്ള ഐക്യം ഇത്തവണയുണ്ടായില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. നിലവിലുള്ള മേൽകൈ നഷ്ടപെടാൻ അനൈക്യം വഴിയൊരുക്കും. ഈഴവ സമുദായത്തിന് ശക്തമായ അടിത്തറയുള്ള ജില്ലയിൽ കോൺഗ്രസ് രണ്ട് സമുദായംഗങ്ങളെ സ്ഥാനാർത്ഥിയാക്കിയപ്പോൾ സി.പി.എം ഒന്നിലൊതുക്കിയതും ചർച്ചയാകുന്നു. ഈ വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ പൊട്ടിത്തെറിയിലേക്ക് വഴിമാറിയേക്കാം.