ആലപ്പുഴ: കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ലോകമേ തറവാട്' പ്രദർശനം ഏപ്രിൽ 18 മുതൽ ആലപ്പുഴയിലെ അഞ്ച് കേന്ദ്രങ്ങളിലും എറണാകുളം ദർബാർ ഹാളിലുമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. കഴിഞ്ഞ മാർച്ച് 15 മുതൽ മേയ് 31 വരെ പ്രദർശനംനടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു. 271 കലാകാരന്മാരുടെ കലാസൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് പ്രദർശനം ഇന്ത്യയിലെ ഏറ്റവും വലിയ പ്രദർശനമായിരിക്കും.ആഗോള സന്ദർശകരെ ആകർഷിക്കാനും സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും കലാ പ്രദർശനം സഹായകമാകും. ആലപ്പുഴയിൽ കയർകോർപ്പറേഷൻ, ന്യൂ മോഡൽ സൊസൈറ്റി ബിൽഡിംഗ്, പോർട്ട് മ്യൂസിയം, വില്യം ഗുഡേക്കർ ആൻഡ് സൺസ് ബിൽഡിംഗ്, ആലപ്പി കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പ്രദർശനം നടക്കുക. 267 മലയാളി കലാകാരന്മാരുടെ കലാ സൃഷ്ടികളും ഇൻസ്റ്റലേഷനുകളും കാണാനാവും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വർക്ക്‌ഷോപ്പുകൾ, സംഗീത പ്രകടനങ്ങൾ, ഫിലിം സ്‌ക്രീനിംഗുകൾ എന്നിവയുമുണ്ടാവും. സമകാലീന കലാ പ്രദർശനത്തിന് പുറമെ പൊതുജനങ്ങൾക്കായി വിവിധ അക്കാദമിക്-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെയാകും പ്രദർശനം.