അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ആന വിജയകൃഷ്ണൻ ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന ഭക്തരുടെ ആരോപണത്തെത്തുടർന്ന് ദേവസ്വം വിജിലൻസ് എസ്.പി പി.ബിനോയിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി . 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നിർദ്ദേശിച്ചിട്ടുള്ളത്.
പ്രാഥമിക വിവരശേഖരണത്തിനായി ദേവസ്വം വിജിലൻസ് എസ്.ഐ മനു പി.മേനോൻ ഇന്നലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി. രാവിലെ 10 ഓടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രത്തിന്റെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ. മനോജ് കുമാറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വിജയകൃഷ്ണനെ എഴുന്നള്ളിച്ച ക്ഷേത്രങ്ങൾ, ആനയുടെ അസുഖവിവരം ,ചികിത്സ, ആന കുഴഞ്ഞു വീഴാനുണ്ടായ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വിജിലൻസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ എത്തിയതറിഞ്ഞ് നിരവധി ഭക്തരും പരാതികളുമായി എത്തി. തിങ്കളാഴ്ച വിജിലൻസ് എസ്.പി പി.ബിജോയ് ക്ഷേത്രത്തിലെത്തുമെന്നും ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുമെന്നും എസ്.ഐ പറഞ്ഞു. എന്നാൽ ദേവസ്വം വിജിലൻസിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് ഭക്തർ പറയുന്നത്. സുഖമില്ലാതിരുന്ന ആനയെ മണിക്കൂറുകളോളം നടത്തി ദേവസ്വത്തിന്റെ പല ക്ഷേത്രങ്ങളിലും എഴുന്നള്ളിച്ചതായും മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നുമാണ് ആരോപണം. അവസാനം എഴുന്നള്ളിച്ച തേവലക്കര ക്ഷേത്രത്തിൽ എത്തിയപ്പോൾ വിജയകൃഷ്ണൻ അവശനായിരുന്നെന്നും ഭക്തർ പറയുന്നു. പാപ്പാൻമാർ ആനയെ ഉപദ്രവിക്കുന്ന നിരവധി ക്ലിപ്പുകളും, വീഡിയോകളും തങ്ങളുടെ പക്കലുണ്ടെന്നും ഇവ കോടതിയിൽ നൽകുമെന്നും അവർ വ്യക്തമാക്കി.ഡെപ്യൂട്ടി കമ്മിഷണറെ തത്ഥാനത്തു നിന്ന് മാറ്റാനും ആനയുടെ പാപ്പാൻമാരെ സസ്പെൻഡ് ചെയ്യാനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ഇന്ന് വൈകിട്ട് 5ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വിജയകൃഷ്ണൻ അനുസ്മരണ സമ്മേളനം നടത്തുമെന്നും ഭക്തർ പറഞ്ഞു.