കുട്ടനാട് : കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ ആഴ്ചകളായി കെട്ടിക്കിടക്കുന്ന മലിന ജലം പൊതുജലസ്രോതസുകളിലേക്ക് വ്യാപിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. രാമങ്കരി, വെളിയനാട്, നെടുമുടി, എടത്വ, മുട്ടാർ തുടങ്ങിയ കൃഷിഭവനുകൾക്ക് കീഴിലായിവരുന്ന പാടശേഖരങ്ങളിൽ കൃഷിയുള്ളപ്പോൾ വെള്ളം കയറ്റി ഇറക്കുന്നതിനായി ബണ്ടുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള തൂമ്പുകൾ വിളവെടുപ്പ് കഴിഞ്ഞ ശേഷം കർഷകർ തുറന്നിട്ടതോടെ പാടശേഖരങ്ങളിലെ മലിന ജലം പുറത്തേക്ക് ഒഴുകുന്നതാണ് ചെറുതോടുകളെയും ആറുകളെയും മലിനമാക്കുന്നത്. കുളിക്കാനോ കുടിക്കാനോ പാത്രം കഴുകുന്നതിനോ ഈ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. എല്ലാ ആവശ്യങ്ങൾക്കും പൈപ്പുവെള്ളത്തെ ആശ്രയിക്കേണ്ടി വന്നതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. പാടശേഖരങ്ങളുടെ തൂമ്പുകൾ മൊത്തത്തിൽ തുറന്നിടുന്ന കർഷകരുടെ നടപടിക്കെതിരെ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമായി . ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തുകളും ചേർന്ന് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.