പള്ളിപ്പുറത്തെ പാടത്ത് പൊന്നുവിളയിക്കുന്നത് യുവകർഷകർ
പൂച്ചാക്കൽ: 30 വർഷമായി തരിശുകിടക്കുന്ന പള്ളിപ്പാടത്തെ രണ്ടരയേക്കർ പാടത്ത് ഇന്ന് നെല്ലും പൊട്ടുവെള്ളരിയും ചീരയും മത്തനുമെല്ലാം വിളയുകയാണ്. ഒരു വർഷത്തിനിടെയുണ്ടായ ഈ മാറ്റത്തിന് പിന്നിൽ യുവാക്കളായ രജീഷും രഞ്ജിത്തുമാണ്.
കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ബാംഗ്ലൂരിലെ പ്രമുഖ ഇലക്ട്രിക് കമ്പനിയിലെ ജോലി രാജിവച്ച് രജീഷ് നാട്ടിലെത്തുന്നത്. സിവിൽ പൊലീസ് ഓഫീസറായ ചിറയിൽപ്പാടം വീട്ടിലെ രഞ്ജിത്തിന്റെ പ്രേരണയിലാണ് കൃഷിയിലേയ്ക്ക് തിരിഞ്ഞത്. എന്നാൽ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യത്തെ കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി. ആത്മവിശ്വാസം കൈവിടാതെ രണ്ടാം തവണയും വിത്തെറിഞ്ഞു. അതിൽ വൻ വിളവ് തന്നെ ലഭിച്ചു. ഒരേക്കറിലാണ് നെൽ കൃഷി. ഹൈബ്രീഡ് ഇനമായ സാമ്രാട്ടാണ് ഉപയോഗിച്ചത്. രണ്ടരയേക്കറിൽ ബാക്കി ഒന്നരയേക്കറിൽ പൊട്ടുവെള്ളരി, ചീര, മത്തങ്ങ വെള്ളരി, തണ്ണിമത്തൻ, കുക്കുമ്പർ തുടങ്ങിയ വിവിധ ഇനം പച്ചക്കറികളുമാണ് നട്ടത്. പരമ്പരാഗത കൃഷി രീതികളറിയാവുന്ന പ്രതാപൻ ഇവർക്ക് സഹായിയായി ചേർന്നു.
വെണ്ടകൃഷിയുടെ ചുമതല രജീഷിനും മറ്റ് ഇനങ്ങളുടെ മേൽനോട്ടം രഞ്ജിത്തിനുമായി പങ്കുവച്ചു. വെണ്ട വിത്തുപാകി നാൽപ്പത്തിയഞ്ചു ദിവസമായപ്പോൾ തന്നെ ആദ്യ വിളവെടുപ്പ് നടത്തി. ഇപ്പോൾ പ്രതിദിനം അറുപത് കിലോ വെണ്ടക്ക കിട്ടുന്നുണ്ട്.
പൊട്ടുവെള്ളരിക്കാണ് ഡിമാൻഡ് കൂടുതലെന്ന് രഞ്ജിത്ത് പറഞ്ഞു. കൊടുങ്ങല്ലൂർ ഇനമായ പൊട്ടുവെള്ളരിയാണ് ഇവിടെ വിളയിച്ചത്.്
ഒഴിവു സമയം മുഴുവൻ കൃഷിക്കായി മാറ്റി വച്ചിരിക്കുന്ന രഞ്ജിത്ത്, യുവാക്കൾക്കായി പറഞ്ഞു കൊടുക്കുന്നത് കൃഷിപാഠങ്ങൾ മാത്രമാണ്. രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണയ്ക്ക് കൃഷിയോട് വലിയ താത്പര്യമാണ്. വീട്ടിലെ ടെറസിനു മുകളിൽ കാന്താരി കൃഷിയും ചെയ്യുന്നുണ്ട്.
വിൽപന നേരിട്ട്
ഓരോ ദിവസത്തേയും വിളവെടുപ്പ് നടത്തി പള്ളിപ്പുറം കൃഷിഭവൻ പരിസരത്ത് വച്ച് നേരിട്ടാണ് വിൽപ്പന. രണ്ടു മണിക്കൂർ കൊണ്ട് മുഴുവൻ സാധനങ്ങളും വിറ്റുപോകുന്നുണ്ടെന്ന് രജീഷ് പറഞ്ഞു. മാത്രമല്ല, ജോലി ചെയ്തിരുന്ന ബാംഗ്ലൂരിലെ കമ്പനിയിൽ നിന്നും ലഭിച്ചിരുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുക ഇപ്പോൾ കൃഷിയിലൂടെ ലഭിക്കുന്നുമുണ്ടെന്ന് രജീഷ്.
രജീഷിന്റെ അമ്മ കുമാരിയും ഭാര്യ ആര്യയും സഹായികളായി ഒപ്പമുണ്ട്.