ആലപ്പുഴ: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമായി ഉയർന്നു. മാർച്ചിൽ നാലു ശതമാനമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായവർക്കു വേണ്ടി വ്യാഴാഴ്ച ആരംഭിച്ച ആർ.ടി.പി.സി.ആർ ടെസ്റ്റ് തുടരുകയാണ്. ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിശോധന.
തോട്ടപ്പള്ളി മേഖലയിൽ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച 94 പേരിൽ 56 പേർ മാത്രമാണ് ഇന്നലെ തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക് എത്തിയത്. ആരോഗ്യ വകുപ്പിന്റെ നിർദേശം ലഭിച്ചിട്ടുള്ളവർ എല്ലാവരും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കളക്ടർ അറിയിച്ചു.
ഇന്ന് ചേർത്തല മണ്ഡലത്തിലുള്ളവർക്കായി ചേർത്തല താലൂക്ക് ആശുപത്രിയിലും, ആലപ്പുഴ മണ്ഡലത്തിലുള്ളവർക്കായി ജനറൽ ആശുപത്രിയിലും ഹരിപ്പാട് മണ്ഡലത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കായംകുളം മണ്ഡലത്തിൽ ഉള്ളവർക്ക് കായംകുളം താലൂക്ക് ആശുപത്രിയിലും ചെങ്ങന്നൂർ മണ്ഡലത്തിൽ ഉള്ളവർക്കായി ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും. അറിയിപ്പ് ലഭിച്ചവർ അതത് ആശുപത്രികളിൽ പരിശോധനയ്ക്കായി എത്തണം. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് പരിശോധന.