ആലപ്പുഴ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നതിനെത്തുടർന്ന് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനും പരിശോധനകൾ ശക്തമാക്കാനും നിർദ്ദേശം. കളക്ടർ എ.അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന പൊലീസ്- സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ശക്തമാക്കാനായി 42 സെക്ടറൽ മജിസ്‌ട്രേറ്റുമാരെക്കൂടി നിയോഗിച്ചു. ജില്ലയിൽ 84 സെക്ടറൽ മജിസ്‌ട്രേറ്റുമാരെയാണ് ആകെ നിയോഗിച്ചിട്ടുള്ളത്. മാർഗനിർദേശങ്ങൾ പാലിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. ഉത്സവമേഖലകളിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ 18 സെക്ടറൽ ഓഫീസർമാരെ പ്രത്യേകമായി നിയോഗിച്ചു. ഉത്സവമേഖലകളിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സംഘാടകരും ഉറപ്പാക്കണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം.