ആലപ്പുഴ: വിഷുപ്പുലരിയിലെ കണി വിഭവങ്ങൾ വിപണിയിൽ നിറഞ്ഞു തുടങ്ങി. കൊവിഡിനിടെ വീണുകിട്ടിയ വിഷു ഉത്സവത്തിൽ നിന്ന് പരമാവധി 'സമാഹരിക്കുക'യെന്ന ലക്ഷ്യമെന്നോണം വൻ കുതിച്ച് ചാട്ടമാണ് പഴങ്ങളുടെ വിലയിൽ സംഭവിച്ചിരിക്കുന്നത്.
കണി പരമാവധി മനോഹരമാക്കാൻ ഉപഭോക്താക്കൾ പഴങ്ങൾ വാങ്ങുമെന്ന് ഉറപ്പുള്ളതിനാൽ പലതിനും വില ഇരട്ടിയായി ഉയർന്നു. ഒരു മാസം നീണ്ട് നിൽക്കുന്ന റമദാൻ നോയ്മ്പിനും അടുത്ത ദിവസം തുടക്കമാകും. അതോടെ ഇനിയുള്ള ആഴ്ചകളിൽ പഴങ്ങളുടെ വിലയിൽ ഇടിവുണ്ടാകാൻ സാദ്ധ്യതയില്ല. നോമ്പുതുറ വിഭവങ്ങളിൽ പഴങ്ങളും പച്ചക്കറിയും ധാരാളമായി ഉൾപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പഴങ്ങളുടെ വിലയിൽ പടിപടിയായ വർദ്ധനവുണ്ടായത്.
പച്ചക്കറി വിപണിയിൽ നേരിയ വ്യത്യാസം പ്രകടമായിത്തുടങ്ങിയെങ്കിലും, ഇന്നും നാളെയുമായി പൊടുന്നനെയുള്ള വില വർദ്ധനവിന് സാദ്ധ്യതയുണ്ട്. കൊവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും വിഷുക്കണി ആചാരം മുടക്കാത്ത മലയാളികൾ വിപണിയിലെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വ്യാപാരികൾ. വിഷുവിന് രണ്ട് ദിവസം മാത്രം ശേഷിക്കുമ്പോഴും, ഇന്നലെ വിപണിയിൽ കാര്യമായ വിഷുക്കച്ചവടം നടന്നിട്ടില്ല. ഉത്രാടപ്പാച്ചിലിന് സമാനമായി അവസാന നിമിഷം ഉപഭോക്താക്കളെത്തും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് കച്ചവടക്കാർ.
......................
കൊവിഡ് കേസുകൾ കൂടുന്നത് വിപണിയെ ബാധിച്ചിട്ടുണ്ട്. കടയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞു. എന്നിരുന്നാലും, ഇന്നും നാളെയുമായി വിഷുക്കണിക്കുള്ള വിഭവങ്ങൾ വിറ്റഴിക്കപ്പെടുമെന്നാണ് വിശ്വാസം
നിയാസ്, പഴം വ്യാപാരി
......................
# പഴങ്ങൾ - വില ( ഇന്നലെ, കഴിഞ്ഞ ആഴ്ച)
ആപ്പിൾ: 220- 180
മുന്തിരി: 180- 140
വെള്ള മുന്തിരി: 120- 80
മാമ്പഴം: 80- 80
ഓറഞ്ച്: 150- 80
പൈനാപ്പിൾ: 50- 35
ഞാലിപ്പൂവൻ: 50- 40
ഏത്തപ്പഴം: 45- 30
തണ്ണിമത്തൻ: 25- 20