t

ആലപ്പുഴ: അവധിക്കാല പരിശീലന കളരികൾ ഇത്തവണത്തെ വേനലവധിയിലും 'അവധി'യിൽത്തന്നെ തുടരുന്നു! കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പൂട്ടുവീണ കളരികൾ ഇക്കുറിയെങ്കിലും തുറക്കാനാകുമെന്ന പ്രതീക്ഷയാണ് കൊവിഡിന്റെ രണ്ടാം വരവ് തല്ലിക്കെടുത്തുന്നത്.

സ്കൂൾ അദ്ധ്യയനം പോലെ തന്നെ അവധിക്കാല കളരികളും ഓൺലൈനിലേക്ക് ചേക്കേറിക്കഴിഞ്ഞു. അതേസമയം പകർച്ചവ്യാധിയോട് പൊരുത്തപ്പെട്ട് ജീവിച്ച് തുടങ്ങിയ ധൈര്യത്തിൽ മുതിർന്ന കുട്ടികൾക്കും, യുവാക്കൾക്കും വേണ്ടിയുള്ള കായിക - സിനിമാ ക്യാമ്പുകൾക്ക് പുതുജീവൻ ലഭിച്ചിട്ടുണ്ട്. മൂന്ന് മുതൽ 18 വയസ് വരെയുള്ള കുഞ്ഞുങ്ങൾ അവധിക്കാല കളരികളുടെ ഭാഗമാകാറുണ്ട്. എല്ലാ വർഷവും തുടർച്ചയായി എത്തുന്നവരാണ് പലരും. സ്കൂൾ അദ്ധ്യയനത്തിന്റെ ഭാരത്തിലും മടുപ്പിലും നിന്ന് മോചിതരായ കുഞ്ഞുങ്ങൾക്ക് ഉന്മേഷത്തോടൊപ്പം കലാ കായിക പരിശീലനം കൂടി നൽകുക എന്നതാണ് കളരികളുടെ പ്രധാന ലക്ഷ്യം. ചിത്ര രചന, നാടൻ പാട്ട്, നാടകം, ചർച്ചകൾ, പെയിന്റിംഗ്, ക്ലേ മോഡലിംഗ്, കഥപറയൽ, സാഹിത്യ പരിചയം, നൃത്തം, വാദ്യോപകരണ പരിശീലനം, ആയോധനകലകൾ, അബാക്കസ് തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി കളരികളാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ സാധാരണ സംഘടിപ്പിച്ചിരുന്നത്. ബാസ്കറ്റ് ബോൾ, ചലച്ചിത്ര നിർമ്മാണം തുടങ്ങിയ കളരികളാണ് ഇത്തവണ പുനരാരംഭിച്ചിരിക്കുന്നത്. കൊച്ചു കുട്ടികളെ പരമാവധി ഒഴിവാക്കിയും, സാമൂഹിക അകലം പാലിച്ചുമാകും പരിശീലനം.

 ഉല്ലാസലോകം

പഠനലോകത്ത് നിന്ന് മാനസിക ഉല്ലാസത്തിന്റെ ലോകത്തേക്കുള്ള പറിച്ചുനടലാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം കളരികൾ. ചിരിച്ചും കളിച്ചും ആടിത്തിമിർത്തും, അവരറിയാതെ തന്നെ അറിവുകൾ ഉള്ളിൽ പ്രവേശിക്കുന്നു. ഒരു വർഷത്തിലധികമായി വീടിന്റെ അകത്തളങ്ങളിൽ കുടുങ്ങിപ്പോയ കുരുന്നുകൾക്ക് ഉന്മേഷം വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചു. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, കളരികൾ ഈ വർഷവും സ്വപ്നമായി അവശേഷിക്കും.

......................

കളിയരങ്ങില്ലാത്ത അവധിക്കാലം കഴിഞ്ഞ വർഷമുണ്ടായപ്പോൾ, എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇപ്രാവശ്യം കളരി പുനരാരംഭിക്കാൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. കുട്ടികളെ കൂട്ടത്തോടെ വിളിച്ച് പരിപാടി നടത്താൻ സാദ്ധ്യമല്ല. അതിനാൽ അഞ്ച് കുട്ടികൾക്ക് വീതം വിവിധ സമയക്രമം നൽകി വീട്ടിൽ തന്നെ ചിത്ര രചന പരിശീലനം നൽകുകയാണ്

ചിക്കൂസ് ശിവൻ, ചിക്കൂസ് കളിയരങ്ങ്