ആലപ്പുഴ: രാഷ്‌ട്രീയ വ്യത്യാസമില്ലാതെ രാത്രികളിൽ പരസ്‌പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനലിസം ശക്തിപ്പെടുന്നുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തനിക്കെതിരെ ചില പത്രങ്ങളിൽ തെറ്റായ വാർത്തകൾ തുടർച്ചായി വരുന്നതിനെക്കുറിച്ച് പറയാൻ ആലപ്പുഴയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് സുധാകരന്റെ ആരോപണം.

' പൊളിറ്റിക്കൽ ക്രിമിനലിസമൊന്നും സി.പി.എമ്മിൽ നടക്കില്ല. അത് ചെയ്യുന്നവരുടെ പേര് പറയുന്നില്ല. എല്ലാവർക്കുമറിയാം.ആലപ്പുഴയിലാണ് അവരുടെ പ്രവർത്തനം കൂടുതൽ. ചില പൊളിറ്റിക്കൽ ക്രിമിനലുകൾ എന്നെ വേട്ടയാടാൻ തുടങ്ങിയിട്ട് നാളേറെയായി. രക്തസാക്ഷി കുടുംബത്തിലേതാണ് ഞാൻ. ആരും തോണ്ടാൻ നോക്കേണ്ട. എന്റെ നേരെ വന്നാൽ ശാരീരികമായല്ല നേരിടുക. പാർട്ടി തന്ന ജനപിന്തുണയാണ് ആയുധം. ഹോട്ടലിലിരുന്ന് പണം പിരിച്ചും മദ്യപിച്ചുമുള്ള പൊളിറ്റിക്കൽ ക്രിമിനലിസം എന്നോട് വേണ്ട. എന്റെ പ്രവർത്തനങ്ങൾക്ക് കാലിടറില്ല. ഒരു പടിയും ചവിട്ടിക്കയറാൻ ബുദ്ധിമുട്ടുണ്ടാവില്ല. പി. കൃഷ്‌ണപിള്ളയുടെ പ്രതിമ അടിച്ചുതകർത്ത സാമൂഹ്യവിരുദ്ധരുള്ള നാട്ടിൽ ഇതിനപ്പുറവും പ്രതീക്ഷിക്കാം. ഞാൻ എന്തായാലും ക്രിമിനലല്ല. ജനങ്ങൾ എന്റെ പ്രവർത്തനശൈലി ഇഷ്ടപ്പെടുന്നു. കാശ് വാങ്ങില്ല. ആരെ കൊണ്ടും വാങ്ങിപ്പിക്കുകയുമില്ല. തിരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച ഞാൻ പ്രവർത്തിച്ചില്ലെന്ന് പറയുന്നത് വീട് നിർമ്മിച്ച ശേഷം ആശാരിയെ പുറത്താക്കുന്നതു പോലെയാണ്.

ചിലയാളുകൾ പെയ്ഡ് റിപ്പോർട്ടമാരെ പോലെ പെരുമാറുന്നു. തിരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിൽ ഒരു പ്രശ്‌നവുമില്ല. എ.എം. ആരിഫിന്റെ പ്രസംഗം ബോധപൂർവ്വമാണെന്ന വിമർശനം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നിട്ടില്ല. ജി. സുധാകരന്റെ പോസ്‌റ്റർ കീറി ആരിഫിന്റേത് ഒട്ടിച്ചതിന് പിന്നിൽ ആരിഫിന് ഉത്തരവാദിത്വമില്ല. പോസ്‌റ്റർ കീറിയതാണ് വിവാദമായത്. എന്റെ ചിത്രം ജനഹൃദയത്തിലുണ്ട്. കേരളത്തിലെ ഓരോ കുടുംബത്തിൽ നിന്നും സേവനത്തിനുള്ള ഒരു വോട്ടു വീതം ലഭിക്കും. ഞാൻ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന് മാദ്ധ്യമ പ്രവർത്തകരാണോ വിലയിരുത്തേണ്ടത്. 65 യോഗങ്ങളിൽ പ്രസംഗിച്ചു. അമ്പലപ്പുഴയിൽ മാത്രം 14 ഇടത്ത്. 19 മേഖല കമ്മിറ്റികളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. എല്ലാവർക്കും കൊട്ടേണ്ട ചെണ്ടയാണോ എന്റെ പുറം? 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല രാഷ്‌ട്രീയ ചരിത്രം. മർദ്ദനവും ജയിൽവാസവും അനുഭവിച്ചാണ് മന്ത്രിയൊക്കെയായത്. സി.പി.എമ്മിൽ മനപൂർവ്വം കുഴപ്പമുണ്ടാക്കാനാണ് പൊളിറ്റിക്കൽ ക്രിമിനലുകളുടെ ശ്രമം. പിണറായി വിജയൻ ജില്ലയുടെ കടിഞ്ഞാൻ ഏറ്റെടുത്തെന്നാണ് ഒരു വാർത്ത. അതിന് പിണറായി ജില്ലാ സെക്രട്ടറിയാണോ? എന്നെയും പിണറായിയെയും തെറ്റിക്കാൻ ആർക്കും കഴിയില്ല. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പിൽ വച്ച പ്രധാനഘടങ്ങളിലൊന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളായിരുന്നു'- സുധാകരൻ പറഞ്ഞു.