കായംകുളം: ഡ്രൈവർമാരുടെ ക്ഷാമം കാരണം കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസ് മുടങ്ങുന്നു.
കൊവിഡിന് മുൻപ് 68 സർവീസുകളാണ് വിവിധ സ്ഥലങ്ങളിലെക്കും ഇവിടെ നിന്നും ഉണ്ടായിരുന്നത്. ലോക്ക് ഡൗണിനു ശേഷം ഭാഗികമായി സർവീസ് പുന:രാരംഭിച്ചപ്പോൾ മുപ്പതു മുതൽ മുപ്പത്തി നാല് വരെ സർവീസ് മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ.
ഡ്രൈവർമാരുടെ കുറവ് സർവീസിനെ ഭാഗികമായി ബാധിച്ചിട്ടുണ്ട്. സ്റ്റേ സർവീസുകൾ പലതും രാത്രി ഒൻപതരയോടെ സർവീസ് അവസാനിപ്പിക്കും. കണ്ടക്ടർമാരുടെ സേവനത്തിന് ക്ഷാമം ഇല്ലെങ്കിലും ഡ്രൈവർമാരില്ലാതെ ഡ്യൂട്ടി ഷെഡ്യൂൾ ചെയ്യാൻ എങ്ങനെ സാധിക്കുമെന്നാണ് ഡിപ്പോയിലെ ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
ഓർഡിനറി ബസുകൾ സന്ധ്യയോടെ സർവീസ് അവസാനിപ്പിക്കുന്ന അവസ്ഥയുണ്ട്. ദൂര സ്ഥലങ്ങളിൽനിന്നും കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി കായംകുളത്തിന്റെ തീരദേശമേഖലയിലേക്കും കിഴക്കൻ മലയോര പ്രദേശങ്ങളിലേക്കും പോകേണ്ട യാത്രക്കാരെ ഇത് ദുരിതത്തിലാക്കുന്നു. ദൂരയാത്ര കഴിഞ്ഞു വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് മാത്രമാണ് ആശ്രയം.
ഈ ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന അപ്രധാന സ്റ്റോപ്പുകളിൽ നിർത്തുന്നില്ലെന്ന പരാതിയുണ്ട്. യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിന് ഇത് കാരണമാകുന്നു.
കായംകുളം ഡിപ്പോയിലേക്ക് ആവശ്യത്തിന് ഡ്രൈവർമാരെ നിയമിച്ച് യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളണം
യാത്രക്കാർ