ആലപ്പുഴ: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ രണ്ടാംഘട്ട കാമ്പയിൻ 'ക്രഷ് ദ കർവ്' എന്ന പേരിൽ ആരംഭിക്കുന്നു. കൊവിഡ് പ്രതിരോധ മാർഗങ്ങൾ പ്രാവർത്തികമാക്കുക, കൊവിഡ പരിശോധന ഊർജിതമാക്കുക 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിനേഷൻ നൽകുക എന്നീ മൂന്നു ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് കാമ്പയിൻ.
ഭവന സന്ദർശനത്തിലൂടെ കൊവിഡ് പ്രതിരോധ മാർഗങ്ങൾ, പരിശോധന, വാക്‌സിനേഷൻ എന്നിവയെ സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കും. അങ്കണവാടി തലങ്ങളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ എല്ലാദിവസവും ക്ലാസുകൾ നടത്തും.ക്ലാസ് ടീച്ചർമാർ ,പി.ടി.എ എന്നിവ വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തും.
ജില്ലയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾകേന്ദ്രീകരിച്ച് തൊഴിലാളികൾക്കായി ടെസ്റ്റിംഗ്, വാക്‌സിനേഷൻ ക്യാമ്പുകളും നടത്തും.
എല്ലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലും ജീവനക്കാർക്കായി വാക്‌സിനേഷൻ, ടെസ്റ്റിംഗ് ക്യാമ്പുകളുണ്ടാവും. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കാനും യോഗം തീരുമാനിച്ചു.