s

ആലപ്പുഴ: മേടപ്പുലരി കൈയത്തും ദൂരെ നിൽക്കവേ, വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാരണം വിഷു ആഘോഷം മുടങ്ങിയിരുന്നു. ഇത്തവണ ലോക്ക്ഡൗൺ ഇല്ലെങ്കിലും കൊവിഡിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പരിധിക്കുള്ളിൽ നിന്നുള്ള ആഘോഷങ്ങൾ മാത്രമേ നടത്താനാവൂ.

വില വർദ്ധന നിറഞ്ഞു നിൽക്കുകയാണെങ്കിലും പച്ചക്കറി വ്യാപാരികൾ പ്രതീക്ഷയിലാണ്. കണിവെള്ളരിയും കണിമത്തനും എത്തിക്കഴിഞ്ഞു. കണിക്കിറ്റാണ് ഇത്തവണത്തെ സ്പെഷ്യൽ. കണിവെള്ളരി കിലോയ്ക്ക് 38 രൂപയാണ്. കണിമത്തന് 20ഉം. കണിവെള്ളരി, മുരിങ്ങക്ക, മത്തങ്ങ, മാങ്ങ എന്നിവ അടങ്ങിയ വിഷുക്കിറ്റും സജ്ജമാണ് പല കടകളിലും. 100 രൂപയ്ക്ക് വിഷുക്കിറ്റ് വീട്ടിലെത്തിക്കാം. പഴവർഗങ്ങൾക്കും വില കൂടുതലാണ്. മൈസൂർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതലായി പച്ചക്കറികളും പഴങ്ങളും എത്തുന്നത്. വിഷു ലക്ഷ്യമാക്കി കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റും നടത്തിയ ജൈവ പച്ചക്കറി വിളവെടുപ്പും ജില്ലയുടെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്.

കൊന്നപ്പൂവ് രണ്ട് തണ്ടിന് 20 രൂപ നിരക്കിൽ ലഭ്യമാണ്. പ്ലാസ്റ്റിക് കൊന്നപ്പൂവും റെഡി. വസ്ത്ര ശാലകളിലും വിഷുക്കച്ചവടം സജീവമായിട്ടുണ്ട്.

 പൊടിയാതെ പപ്പട വിപണി

കഴിഞ്ഞ ഓണവും വിഷുവും പപ്പട നിർമ്മാണ മേഖലയിൽ ഇരുണ്ട നാളുകളായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ പപ്പട വിപണി ഉഷാറിലാണ്. പരമ്പരാഗതമായി പപ്പടം നിർമ്മിക്കുന്ന യൂണിറ്റുകൾ ഇപ്പോഴും ജില്ലയിലുണ്ട്. കുടുംബശ്രീയുടെ കീഴിലും പപ്പടനിർമ്മാണ യൂണിറ്റുകളുണ്ട്. വിഷു സീസണുകളിൽ ജില്ലയിൽ 12 ക്വിന്റൽ പപ്പടമാണ് വിറ്റിരുന്നത്. പക്ഷേ കഴിഞ്ഞ തവണ വൻ ഇടിവുണ്ടായി. പപ്പട നിർമ്മാണത്തിനാവശ്യമായ ഉഴുന്നുപൊടിക്ക് കിലോഗ്രാമിന് 115 രൂപയാണ്. പപ്പടം കിലോയ്ക്ക് 140 മുതൽ 150 രൂപ വരെയാണ് മൊത്ത വിപണി വില.