s


ആലപ്പുഴ: ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാനാവാതെ പൊലീസ് വിയർക്കുമ്പോൾ തകരുന്നത് ജില്ലയിലെ സ്വൈര്യ ജീവിതം. കുപ്രസിദ്ധ ക്രിമിനൽ പുന്നമട അഭിലാഷ് മുൻ 'സഹപ്രവർത്തക'ന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അടിയേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.

അഭിലാഷും എതിരാളികളും തമ്മിലുള്ള സംഘർഷവും കൊലപാതക സാദ്ധ്യതയും സംബന്ധിച്ച് കഴിഞ്ഞ ഡിസംബർ 20ന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടാതിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ആരോപണമുണ്ട്.

രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി രണ്ട് ദിവസം കഴിഞ്ഞപ്പോൾ അഭിലാഷും പ്രധാന പ്രതി മജുവും തമ്മിൽ സംഘട്ടനമുണ്ടായി. അഭിലാഷ് മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾ ആശുപത്രി വിട്ടതിന്റെ രണ്ടാം ദിനമാണ് കൊലപാതകം നടന്നത്. ഞായറാഴ്ച പന്തുകളി സ്ഥലത്തു വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വീട്ടിലേക്ക് പോയ അഭിലാഷിനെ മജുവും മറ്റ് മൂന്നു പേരും ചേർന്ന് ആളോഴിഞ്ഞ സ്ഥലത്തു വച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. ഫോണിലൂടെ അഭിലാഷ് ഭാര്യ ദീപ്തിയെ വിവരം അറിയിച്ചു. ദീപ്തി സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഭിലാഷ്.

ഫെബ്രുവരിയിൽ മാന്നാറിൽ ഗുണ്ടകൾ യുവതിയെ തട്ടിക്കൊണ്ടുപോയതും സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തയായിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീട് ആക്രമിച്ച് ഭാര്യ ബിന്ദുവിനെയാണ് ഫെബ്രുവരി 15ന് പുലർച്ചെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കുറച്ചുപേർ അറസ്റ്റിലായെങ്കിലും ഒളിവിൽ കഴിയുന്നവരെപ്പറ്റി വിവരങ്ങളൊന്നുമില്ല.

കഴിഞ്ഞ ആഗസ്റ്റിൽ കായംകുളത്ത് സി.പി.എം പ്രവർത്തകൻ സിയാദിനെ രാത്രിയിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിന് ആഘാതമായിരുന്നു. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ സിയാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതി വെറ്റ മുജീബ് അടക്കം നാലു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. വെറ്റ മുജീബിന്റെ മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.