s

ആലപ്പുഴ: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെ ഉയർന്നിരിക്കുന്നതിനാൽ, റംസാൻ വ്രതാനുഷ്ഠാനവും നോമ്പുതുറ ഉൾപ്പെടെയുള്ള കൂടിച്ചേരലുകളും കൊവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കണമെന്ന് കളക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു. കളക്ട്രേറ്റിൽ ജില്ലയിലെ മഹല്ല് കമ്മറ്റി ഭാരവാഹികളുടെയും പള്ളികമ്മറ്റി നേതാക്കളുടെയും സമുദായ നേതാക്കളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളികളിലും പ്രാർത്ഥനാലയങ്ങളിലും ഒരു മീറ്റർ അകലം പാലിക്കണം. പ്രാർത്ഥനയ്ക്ക് വരുമ്പോൾ മുസല്ല കൊണ്ടുവരണം. പള്ളികളിലും നോമ്പുതുറയുള്ള സ്ഥലങ്ങളിലും സാനിട്ടൈസർ, കൈകഴുകുന്നതിനുള്ള സോപ്പ്, വെള്ളം എന്നിവ ഭാരവാഹികൾ കരുതണം. നോമ്പുതുറ സ്ഥലത്തും നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. അടച്ചിട്ട പള്ളികളിലും ഓഡിറ്റോറിയത്തിലും പരമാവധി 100 പേരും തുറസായ സ്ഥലത്ത് 200 പേരും എന്ന സർക്കാർ നിർദ്ദേശം പാലിക്കണം. പള്ളികളിലെത്തുന്നവരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന രജിസ്റ്റർ സൂക്ഷിക്കണം. വാക്‌സിനേഷൻ പരമാവധി പേർ സ്വീകരിക്കുന്നതിന് പള്ളികളിലെ ഇമാമുമാർ ബോധവത്കരണം നടത്തണം. മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം എല്ലാവരിലും എത്തണമെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിലാണ് കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.