ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടപടികൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത് /നഗരസഭാ തല ജാഗ്രതാ സമിതികൾ ഇന്നലെ അടിയന്തിര യോഗം ചേർന്നു. കൊവിഡ് വ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കളക്ടർ എ. അലക്‌സാണ്ടറുടെ നിർദ്ദേശപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ യോഗം വിളിച്ചു ചേർത്തത്. പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വാർഡ് തല ജാഗ്രതാ സമിതികൾ വരും ദിവസങ്ങളിൽ ചേരും. വാക്‌സിനേഷൻ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് പ്രാദേശിക തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. മൈക്ക് അനൗൺസ്മെന്റുകൾ നടത്തും.
പരിശോധന കർശനം
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പരിശോധനനടത്താനും നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പിഴ ചുമത്താനുമുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കും. ഉത്സവ പരിപാടികൾ കർശന നിയന്ത്രണത്തോടെയേ നടത്താവൂ എന്ന് ബന്ധപ്പെട്ട ഭാരവാഹികൾക്ക് നിർദ്ദേശം നൽകും. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കി പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാനും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ജാഗ്രതാ സമിതി യോഗങ്ങളിൽ തീരുമാനമായി.