ആലപ്പുഴ: കേന്ദ്ര പ്രതിരോധ സേനയ്ക്ക് മുതൽക്കൂട്ടാവുന്ന ആളില്ലാ യുദ്ധകപ്പലിന്റെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന മുഹമ്മ സ്വദേശിയായ യുവ ശാസ്ത്രജ്ഞൻ സി.എസ്. ഋഷികേശിനെ കാണാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരെത്തി.

ഋഷികേശിന്റെ പുത്തൻ കണ്ടുപിടിത്തത്തെ കുറിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് ബോബി ചെമ്മണ്ണൂരെത്തിയത്. അൺമാൻഡ് വെപ്പൺ കാരിയർ ആൻഡ് കൺട്രോളർ ഷിപ്പിന്റെ വർക്കിംഗ് മോഡൽ വികസിപ്പിക്കാൻ 20 ലക്ഷത്തോളം രൂപ ആവശ്യമാണ്. വീടിന്റെ ആധാരമടക്കം പണയപ്പെടുത്തി ആദ്യ ഘട്ട പരീക്ഷണങ്ങൾ നടത്തിയ ഋഷികേശിൽ നിന്ന് കൂടുതൽ വിവരങ്ങൾ ബോബി ചെമ്മണ്ണൂർ ചോദിച്ച് മനസിലാക്കി. ഇതുവരെ നടത്തിയ കണ്ടുപിടിത്തങ്ങളുടെ വിവരങ്ങൾ ഓഫീസിലേക്ക് അയയ്ക്കാനും പഠിച്ചതിനു ശേഷം വേണ്ട സഹായങ്ങൾ ചെയ്യാമെന്നും അദ്ദേഹം ഋഷികേശിന് വാക്കു നൽകി. ഇന്ത്യൻ പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന പദ്ധതിയിൽ ബോബി ചെമ്മണ്ണൂരും പങ്കാളിയാകും എന്ന പ്രതീക്ഷയിലാണ് ഋഷികേശ്.