bike-accident

റോഡപകടങ്ങൾ കുറയ്‌ക്കാൻ റോഡ് സുരക്ഷാ അതോറിട്ടി കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന ഹൈക്കോടതി നിരീക്ഷണം ഗൗരവമേറിയതും കാലിക പ്രസക്‌തവുമാണ്. ഉറങ്ങിക്കിടന്ന റോഡ് സുരക്ഷാ അതോറിട്ടിക്ക് കിട്ടി അടി ഇരുത്തി ചിന്തിപ്പിക്കും. ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചാൽ റോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം ഒരു പരിധി വരെ കുറയ്‌ക്കാനാവും. അനങ്ങാപ്പാറ നയം സ്വീകരിച്ച റോഡ് സുരക്ഷാ അതോറിട്ടിക്ക് മുന്നിലേക്ക് നടപ്പാക്കാനായി കുറെ നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചു.

അപകടങ്ങൾ കുറയ്ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളും അതോറിട്ടിയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം നിലവിലുള്ള സ്ഥിതിയുടെ ദൈന്യത വ്യക്തമാക്കുന്നതാണ്. റോഡ് സുരക്ഷാ അതോറിട്ടിക്കുള്ള ഫണ്ട് യഥാസമയം കൈമാറണമെന്നതാണ് പ്രധാന നിർദ്ദേശം. കോടിക്കണക്കിനുള്ള ഫണ്ട് ചെലവഴിക്കാതെയും വകമാറ്റുന്നതും പുതിയ സംഭവമല്ല. എന്നാൽ, റോഡ് സുരക്ഷയ്‌ക്കായി മാറ്റിവച്ചിട്ടുള്ള പണം യഥാസമയം ചെലവഴിച്ചാൽ അപക‌ടങ്ങൾ കുറയ്‌ക്കാൻ ഇടയാക്കുമെന്നത് വസ്‌തുതയാണ്. റോഡപകടം കൂടി വരുന്നത് ആശങ്കാജനകമാണ്. കൊവിഡിനെ തു‌ടർന്ന് ഗതാഗത നിയന്ത്രണം മാറ്റിയതോടെ സംസ്ഥാനത്തെ റോഡുകൾ വീണ്ടും കുരുതികളമായി മാറുകയായിരുന്നു. അപകടം, മരണം, പരിക്ക് എന്നിവയുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് 2021 ജനുവരിയിലുണ്ടായത്. കഴിഞ്ഞ വർഷം മാർച്ച് 24 മുതൽ മേയ് 31 വരെ ലോക് ഡൗണും അതിനുശേഷം സെപ്‌തംബർ അവസാനം വരെ ഗതാഗത നിയന്ത്രണങ്ങളും ഉണ്ടായിരുന്നതിനാൽ അപകടങ്ങൾ കുറഞ്ഞ തോതിലുമായിരുന്നു. ഒക്‌ടോബർ മുതൽ ഉയർന്നു തുടങ്ങിയ ഗ്രാഫ് ഡിസംബറോടെ സംസ്ഥാന ശരാശരിയിലും, 2021 ജനുവരിയിൽ സർവകാല റെക്കാഡിലുമെത്തി. 2011 മുതൽ 2019 വരെ ഒാരോ മാസവും മരിച്ചവരുടെ ശരാശരി സംഖ്യ 333 ആണ്. എന്നാൽ, ഈ വർഷം ജനുവരിയിൽ 395 പേരുടെ ജീവനാണ് പൊലിഞ്ഞത്.

റോഡരികിലെ അപകടകരമായ മരക്കൊമ്പുകൾ ഉൾപ്പെടെ സ്ഥിരമോ താത്കാലികമായതോ ആയ വസ്‌തുക്കൾ മൂന്നു മാസത്തിനകം നീക്കണമെന്നാണ് ഹൈക്കോടതിയുടെ മറ്റൊരു നിർദ്ദേശം. മരത്തിന്റെ നീളമുള്ള ചില്ലകൾ, കേബിളുകൾ, പരസ്യ ബോർഡുകൾ എന്നിവയിൽ തട്ടിയാണ് ബൈക്കപകടങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. ഈ അപകടങ്ങളിൽ പെടുന്നവരിൽ ഭൂരിഭാഗവും മരിക്കുന്നു. റോഡിൽ സുരക്ഷ ഉറപ്പാക്കേണ്ടവരുടെ വീഴ്ചയെന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയാനാകൂ.

റോഡരികിലും നടപ്പാതകളിലും നിർമ്മാണത്തിന് ശേഷം സാധന സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത് നമ്മുടെ നാട്ടിലെ നിത്യകാഴ്ചയാണ്. ഇതിൽ തട്ടിയുണ്ടായ അപകടങ്ങളിൽ ശരീരം തന്നെ തളർന്നു പോയവർ നിരവധിയാണ്. ഓടിക്കൊണ്ടിരുന്ന ബൈക്കിൽ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ഫോർട്ട് കൊച്ചിയിൽ ജീവിച്ചിരിപ്പുണ്ട്. കട്ട‌ിലിൽ നിന്ന് ഒന്ന് എഴുന്നേൽക്കണമെങ്കിൽ പരസഹായം വേണം. ശരീരം തളർന്ന് കിടപ്പിലായ ആ യുവാവ് റോഡിലൂടെ സഞ്ചരിച്ചതാണോ കുറ്റം? ഉത്തരവാദിത്വമുള്ളവർ ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ ഹൈക്കോടതിയുടെ അടി കുറിക്ക് കൊള്ളുന്നതാണ്.

റോഡ് വികസനങ്ങൾക്കായി കണ്ടെത്തിയ ഭൂമി എത്രയും വേഗം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ മറ്റൊരു നിർദ്ദേശം. ഭൂമി വിട്ടുകൊടുക്കാൻ സമ്മതിച്ചവർക്ക് നാലു മാസത്തിനകം നഷ്‌ടപരിഹാരം നൽകണം. ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്തവർക്ക് ഒരു മാസത്തിനകം നോട്ടീസ് നൽകി നട‌പടി സ്വീകരിക്കണമെന്ന നിരീക്ഷണവും സമയോചിതമാണ്. ഇക്കാര്യങ്ങൾ നടത്തിയെടുക്കാൻ അതോറിട്ടിക്ക് നിയമസംരക്ഷണവും പിന്തുണയും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെയ്യണമെന്നും ഹൈക്കോ‌ടതി ഉത്തരവിലുണ്ട്.

മികച്ച നിലവാരത്തിൽ റോഡ് ടാറ് ചെയ്‌ത് ദിവസങ്ങൾക്കുള്ളിൽ വാട്ടർ അതോറിട്ടിക്കും മറ്റുമായി കുത്തിപൊട്ടിക്കുന്നതും സ്ഥിരം സംഭവമാണ്. അത് ഒഴിവാക്കാൻ വിവിധി ഏജൻസികളുട‌െ ഏകോപനം വേണം. മികച്ച റോഡിലൂടെയുള്ള യാത്രകളിൽ ചെറിയ നിർമ്മാണങ്ങൾക്കായി വെട്ടിപ്പൊട്ടിച്ച കുഴിയിൽ വീണ് ജീവനുകൾ പൊലിഞ്ഞത് ഈ സമയത്ത് നാം ഒാർക്കണം.

സർക്കാരിന്റെയും അതോറിട്ടിയുടെയും റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ അതോറിട്ടി കർശന നടപടിയെടുക്കണം. റോഡ് സുരക്ഷാ നിയമപ്രകാരമുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ടെന്നും, റോഡപകടത്തിൽ പെടുന്നവർക്ക് അർഹതപ്പെട്ട അടിയന്തര ധനസഹായമുൾപ്പെടെയുള്ളവ യഥാസമയം കിട്ടുന്നെന്നും അതോറിട്ടി ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തിലുണ്ട്.

റോഡ് സുരക്ഷാ പദ്ധതികളുടെ ഫണ്ട് വകമാറ്റുന്നതാണ് പ്രധാന പ്രശ്‌നം. റോഡ് സുരക്ഷാ ഫണ്ടിലേക്ക് സെസിലൂടെയും വാഹന ഉടമകൾ അടയ്‌ക്കുന്ന പിഴയിലൂടെയുമാണ് പണം കണ്ടെത്തുന്നത്. 2008 മുതൽ 2017 വരെ ലഭിച്ച പണം 553, 73, 78, 604 രൂപയാണ്. എന്നാൽ, ഈ പണം പൂർണമായി അതോറിട്ടിക്ക് ലഭിക്കാതിരുന്നതോടെ പല പദ്ധതികളും മുടങ്ങി. ജില്ലകളിൽ നിന്ന് നിരവധി ശുപാർശകൾ എത്തുന്നുണ്ടെങ്കിലും പണം നൽകാനാവാത്ത അവസ്ഥയിലാണ് അതോറിട്ടി. 2007 ലാണ് അതോറിട്ടി രൂപീകരിച്ചത്. ഗതാഗതവകുപ്പ് മന്ത്രിയാണ് ചെയർമാൻ. റോഡ് സുരക്ഷാ കമ്മിഷണറാണ് നിർവഹണ ഉദ്യോഗസ്ഥൻ. അതോറിട്ടി എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. റോഡ് സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക, ഏജൻസികളുടെയും സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുക, ബോധവത്‌‌കരണ പരിപാടികൾ സംഘടിപ്പിക്കുക, അതിനുള്ള ചെലവ് നൽകുക തുടങ്ങിയവയാണ് അതോറിട്ടിയുടെ ചുമതലകൾ. ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള അതോറിട്ടി ഇനിയെങ്കിലും ഉണരണം. ഒരു ജീവൻ പോലും റോഡിൽ പൊലിയരുതെന്ന ദൃഢനിശ്ചയമാണ് എല്ലാവർക്കും വേണ്ടത്.