ആലപ്പുഴ: കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ എതിർ ചേരിയിൽപ്പെട്ട സംഘം ഭാര്യവീടിനു സമീപത്തുവച്ച് രാത്രിയിൽ അടിച്ചുകൊന്നു. കുട്ടനാട് കൈനകരി പഞ്ചായത്ത് എട്ടാം വാർഡ് കുന്നുതറ വീട്ടിൽ അഭിലാഷാണ് (പുന്നമട അഭിലാഷ്-39) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൈനകരി മഴുവൻ ചേരിച്ചിറയിൽ മജു(29), കൈനകരി അത്തിത്തറയിൽ ജയേഷ്(34) ജയേഷിന്റെ സഹോദരൻ അജേഷ്(31), കൈനകരി അത്തിത്തറയിൽ സുരേഷ് (28) എന്നിവരെ അമ്പലപ്പുഴ ഡിവൈ എസ്.പി എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി.
ഞായറാഴ്ച രാത്രി 9.30ഓടെ ആയിരുന്നു സംഭവം. അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ മജുവിന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൈനകരി ജംഗ്ഷന് സമീപം വച്ച് ആദ്യം വാക്കേറ്റമുണ്ടായി. തുടർന്ന് അഭിലാഷ് കൈനകരി തേവർകാട് വെള്ളാമത്ര റോഡിനടുത്തുള്ള ഭാര്യവീട്ടിലേക്ക് പോയി. വീടിന് സമീപത്തേക്ക് എത്തവേ മജു ഉൾപ്പെടെ നാലുപേർ പിന്തുടർന്നു വന്ന് അഭിലാഷിനെ മർദ്ദിച്ചു. അബോധാവസ്ഥയിലായ അഭിലാഷ് മരിച്ചെന്ന് കരുതി ഗുണ്ടാ സംഘം രക്ഷപ്പെടുകയായിരുന്നു. കാൽമുട്ടിന് പിൻഭാഗത്തും ഇടുപ്പിനും അടിയേറ്റ അഭിലാഷ് ബോധം വീണപ്പോൾ ഭാര്യ ദീപ്തിയെ മൊബൈൽ ഫോണിലൂടെ വിവരം അറിയിച്ചു. ദീപ്തി സ്ഥലത്ത് എത്തിയ ശേഷം നെടുമുടി പൊലീസിൽ അറിയിച്ചു. നാട്ടുകാരുമായി ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെ എത്തിയ പൊലീസിന്റെ ജീപ്പിൽ കയറ്റി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും 11 മണിയോടെ മരിച്ചു.
ആശുപത്രിയിലേക്കു പോകുന്നതിനിടെ സംഘട്ടന വിവരവും വയറിന് വേദന അനുഭവപ്പെടുന്നതായും ദീപ്തിയോടു പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ മജുവിന്റെ ബൈക്ക് അഭിലാഷും ഇയാളുടെ അളിയനും ചേർന്ന് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ഇരുവരും പരസ്പരം കാണുമ്പോൾ വാക്കേറ്റം പതിവായിരുന്നു. ഞായറാഴ്ച പകലും അഭിലാഷും മജുവും തമ്മിൽ വാക്കേറ്റമുണ്ടായി. നെടുമുടി സി.ഐ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കി.
അഭിലാഷിന്റെ കൊവിഡ് പരിശോധനഫലം പൊസിറ്റീവ് ആണ്. ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. പത്ത് വയസുള്ള ഒരു മകനുണ്ട്.
25 കേസുകളിൽ പ്രതി
രണ്ടു കൊലപാതകം ഉൾപ്പെടെ 25 കേസുകളിൽ പ്രതിയാണ് അഭിലാഷ്. നെടുമുടി പൊലീസ് സ്റ്റേഷനിൽ മാത്രം 20 കേസുകളുണ്ട്. ആലപ്പുഴ നോർത്ത്, സൗത്ത്, പുളിങ്കുന്ന് സ്റ്റേഷനുകളിലും കേസുകളുണ്ട്. കൈനകരിയിൽ അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞ് നിൽക്കുകയായിരുന്നു. കൈനകരി ബോട്ട് ജെട്ടിയിൽ തൊഴിലാളികളെ ആക്രമിച്ച കേസിൽ അടുത്തിടെ അറസ്റ്റിലായ അഭിലാഷ് ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കുട്ടനാട്ടിൽ ഷൂട്ടിംഗിനെത്തിയ സിനിമാ സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്. അഭിലാഷ് ബി.ജെ.പി അനുഭാവിയും പ്രധാന പ്രതി മജു സി.പി.എം അനുഭാവിയുമാണ്.