പാടത്തു കൂട്ടിയിട്ട നെല്ല് വെള്ളത്തിലായി
എടത്വ: പതിറ്റാണ്ടുകളോളം തരിശു കിടന്ന പാടത്ത് യുവാക്കളുടെ കൂട്ടായ്മയിൽ നടത്തിയ നെൽകൃഷി വെള്ളത്തിലായി. കൊയ്ത് പാടത്തു കൂട്ടിയിട്ടിരുന്ന നെല്ല് വേനൽ മഴയിൽ മുങ്ങിയതോടെ ഇരുപതോളം യുവാക്കളുടെ അദ്ധ്വാനമാണ് വെറുതെയായത്.
തലവടി കൃഷിഭവൻ പരിധിയിൽപ്പെട്ട ആനപ്രമ്പാൽ കണ്ടങ്കരി കടമ്പങ്കരി തെക്ക് പാടത്ത് കൈക്കൊയ്ത്തിൽ വിളവെടുത്ത നെല്ലാണ് മഴവെള്ളത്തിൽ മുങ്ങിയത്. ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ പാടത്ത് മുട്ടോളം വെള്ളം പൊങ്ങി. കൊയ്ത് യന്ത്രത്തിന്റെ അഭാവം മൂലം തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്തുകയായിരുന്നു. തലവടി പുതുമ പരസ്പര സഹായ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. വൻ നഷ്ടമാണ് ഉണ്ടായതെന്ന് സംഘം പ്രസിഡന്റ് എസ്. അരവിന്ദനും സെക്രറി കെ.ടി. നന്ദകുമാറും പറഞ്ഞു.
തലവടി കൃഷിഭവനിലെ ചൂട്ടുമാലി പാടത്തെ നെല്ലും വെള്ളത്തിൽ മുങ്ങി. 110 ഏക്കർ വിസ്തൃതിയുള്ള പാടം കൊയ്യാനിരിക്കെയാണ് വെള്ളത്തിലായത്. ഇനി വറ്റിച്ചാൽ മാത്രമേ വിളവെടുപ്പ് നടത്താനാവൂ. തലവടി എൺപത്തിയെട്ടാം പാടത്തും വെള്ളം കയറി. വിളവെടുത്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളത്തിൽ മുങ്ങിയ ഭാഗത്തെ നെല്ല് തൊഴിലാളികളെ ഉപയോഗിച്ച് കർഷകർ വാരിമാറ്റുന്നുണ്ട്. ഈർപ്പത്തിന്റെ പേരിൽ മില്ലുകാർ 12 കിലോവരെ കുറയ്ക്കുമ്പോഴാണ് നിനച്ചിരിക്കാതെ നെല്ല് വെള്ളത്തിലായത്.
എടത്വ കൃഷിഭവൻ പരിധിയിലെ വട്ടമാലി തെക്ക് പാടശേഖരത്തെ കൃഷിയും വെള്ളത്തിലായി. കഴിഞ്ഞ ഏഴിന് കൊയ്ത്ത് നടക്കേണ്ടതായിരുന്നു. കൊയ്ത് യന്ത്രം വൈകിയതിനാലാണ് വിളവെടുപ്പ് താമസിച്ചതെന്ന് കർഷകർ പറയുന്നു. തലവടി, എടത്വ കൃഷിഭവൻ പരിധിയിൽ വിളവെടുപ്പുമായി ബന്ധപ്പെട്ട് കർഷകർക്കുണ്ടായ നഷ്ടം ഉടൻ പരിഹരിക്കണമെന്ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ആവശ്യപ്പെട്ടു.