അരൂർ: ദേശീയപാതയിൽ ഏറെ തിരക്കുള്ള എരമല്ലൂർ ജംഗ്ഷൻ കൂരിരുട്ടിലായി ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാര നടപടികളില്ല. ട്രാഫിക് സിഗ്നൽ സംവിധാനമുള്ള മുക്കവലയാണിത്.
സിഗ്നൽ വീഴുമ്പോൾ ഇരുട്ടിലാണ് വാഹനങ്ങൾ നിറുത്തുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ നേരിയ വെളിച്ചത്തിലാണ് കാൽനട യാത്രികർ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്. രാത്രി 8ന് കടകളടച്ചു കഴിഞ്ഞാൽ കവല പൂർണ്ണമായും ഇരുട്ടിലാകും. ദേശീയപാത മീഡിയനിലെ വഴിവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. വിളക്കു കാലിൽ പരസ്യബോർഡുകൾ യഥാസമയം സ്ഥാപിച്ചു വരുമാനം നേടുന്ന കരാറുകാരനാണ് മീഡിയനിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. ജംഗ്ഷന്റെ ഹൃദയഭാഗത്ത് പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റും പണിമുടക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ, കാർ, ഓട്ടോ, ടെമ്പോ സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങിയവയുള്ള ജംഗ്ഷനാണിത്.