ആലപ്പുഴ: കല്യാണദിവസം വധുവിന് സമ്മാനമായി നൽകാൻ അമ്മ കൊണ്ടുവന്ന നെക്ലേസ് മോഷണം പോയി. മുട്ടാർ വെട്ടുപറമ്പിൽ ജോസ് ഫ്രാൻസിസിന്റെ മകളുടെ വിവാഹത്തിനിടെയാണ് ആറുപവന്റെ നെക്ലേസ് നഷ്ടപ്പെട്ടത്. കൈതവന പള്ളിയിൽ തിങ്കളാഴ്ചയായിരുന്നു വിവാഹം. വധുവിന് സമ്മാനമായി നൽകാൻ കരുതിയ നെക്ലേസ് അമ്മ ജാൻസിയുടെ ബാഗിൽ സൂക്ഷിച്ചിരുന്നു. പള്ളി പാരിഷ്ഹാളിൽ നടന്ന വിരുന്നിനിടെ സ്റ്റേജിൽ ഫോട്ടോയെടുക്കാൻ കയറിയപ്പോൾ ജാൻസി ബാഗ് സ്റ്റേജിന് സമീപം വച്ചു. പിന്നീട് തിരികെയെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് നെക്ലേസ് മോഷണം പോയതറിയുന്നത്.
കല്യാണം പകർത്താനെത്തിയ ഫോട്ടോഗ്രാഫറുടെ കാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇവരെ വരന്റെ വീട്ടുകാരോ വധുവിന്റെ വീട്ടുകാരോ ക്ഷണിച്ചിട്ടില്ലെന്നും എല്ലാ ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ സ്ത്രീ പള്ളിയിൽനിന്നിറങ്ങിയപ്പോൾ മുതൽ ജാൻസിയുടെ പിന്നാലെയുണ്ടായിരുന്നെന്നും മനസിലായി. ഈ വിവരം ആലപ്പുഴ സൗത്ത് പൊലീസിന് നൽകിയ പരാതിയിലുണ്ട്.