മാവേലിക്കര : ജില്ലയിലെ സഹകരണ സംഘങ്ങൾ വഴി നടത്തുന്ന വിഷുവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ജില്ലാ ജൈവകാർഷിക സഹകരണ സംഘം പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ നിർവഹിച്ചു. ഭരണിക്കാവ് ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷനായി. സംസ്ഥാന വിത്തുത്പാദന കേന്ദ്രം അസി.ഡയറക്ടർ ആശ ശങ്കർ, ബി.വിശ്വനാഥൻ, ചീഫ് അക്കൗണ്ടന്റ് ഉഷ എന്നിവർ സംസാരിച്ചു. ഭരണിക്കാവ് കൃഷി ഓഫീസർ പൂജ വി.നായർക്ക് വിപണി പച്ചക്കറികൾ അഡ്വ.ജി.ഹരിശങ്കർ കൈമാറി ആദ്യ വിൽപന നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിഷുക്കണിയും ഒരുക്കിയിരുന്നു. അഡ്‌കോസും ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വിപണിയിൽ വിഷരഹിത ജൈവ പച്ചക്കറികളും ഫലവർഗങ്ങളും മിതമായ വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. മാവേലിക്കര, ഭരണിക്കാവ് ബ്ലോക്ക് പരിധികളിലെ കൃഷി ഭവനുകൾ വഴിയും കൃഷിഭവനുകളുമായി ചേർന്നുള്ള ഇക്കോഷോപ്പുകൾ വഴിയും വിഷുവിപണി സജീവമാവുമെന്ന് കൃഷി അസി.ഡയറക്ടർമാരായ സി.ആർ രശ്മിയും സി.രജനിയും അറിയിച്ചു.