ആലപ്പുഴ: വിഷുവിനൊപ്പം റംസാൻ വ്രതാരംഭവും എത്തിയതോടെ ഇറച്ചിക്കോഴി വില കുതിച്ചുയർന്നു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതും വില കൂടാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു.
ഒരു കിലോ കോഴി ഇറച്ചിക്ക് 230 രൂപയാണ് വിപണി വില. ഇറച്ചിക്കോഴിക്ക് (ലൈവ്) കിലോഗ്രാമിന് 170 രൂപയും. ഒരാഴ്ച മുമ്പ് ഇത് 130 രൂപയായിരുന്നു. ദിവസവും 10 രൂപ തോതിലാണ് കോഴി ഇറച്ചി വില വർദ്ധിക്കുന്നത്. ഒരാഴ്ചക്കിടെ 40 രൂപയോളം വർദ്ധിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളുടെ സമയക്രമം പുനഃക്രമീകരിച്ചത് ഹോട്ടലുടമകൾക്ക് തിരിച്ചടിയാണ്. നോയമ്പ് കാലത്ത് കോഴിഇറച്ചി വിഭവങ്ങൾക്ക് കച്ചവടം കൂടുതലാണ്. വില വർദ്ധനവ് ഹോട്ടൽ ഉടമകളെയും ബാധിക്കും. ഇന്ധന വിലവർദ്ധനവും തീറ്റയ്ക്ക് വില കൂടിയതും ചൂണ്ടിക്കാട്ടിയാണ് അന്യസംസ്ഥാന ലോബികൾ കോഴിവില കൂട്ടുന്നത്.
തമിഴ്നാട് ലോബിയുടെ കളി
കേരളത്തിലെ ഉത്സവ സീസൺ ലക്ഷ്യമാക്കി കൃത്രിമക്ഷാമം സൃഷ്ടിച്ച് തമിഴ്നാട് ലോബി ഇറച്ചിക്കോഴി വില വർദ്ധിപ്പിക്കുന്നതായി ആരോപണമുണ്ട്. വരുംദിവസങ്ങളിൽ വില ഇനിയും വർദ്ധിച്ചേക്കും. 280 രൂപ വരെ വില എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ. സാധാരണ മാർച്ച്,ഏപ്രിൽ മാസങ്ങളിൽ ചൂട് കുടുന്നതിനാൽ ഇറച്ചിക്കോഴിക്ക് വില കുറയുന്നതാണ്. ലെഗോൺ കോഴിക്ക് കിലോയ്ക്ക് 160രൂപ മാത്രമേ ഉള്ളൂവെങ്കിലും ആവശ്യക്കാർ കുറവാണെന്ന് കച്ചവടക്കാർ പറയുന്നു.
വില ഇങ്ങനെ (കിലോഗ്രാമിന്)
ഇറച്ചിക്കോഴി (ലൈവ്) : ₹107
മീറ്റ് : ₹ 230-250
ലെഗോൺ₹ 160
ബീഫ് ₹350
കൊവിഡ് വ്യാപനം കൂടിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞു. കഴിഞ്ഞ വർഷം ഈ സമയത്ത് കോഴിയുടെ വില കുറഞ്ഞിരുന്നതാണ്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായി
- നസീർ,കോഴിവ്യാപാരി